പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സാഹോ, ബ്രഹമാണ്ഡ ചിത്രം ബാഹുബലിക്ക്‌ ശേഷം പ്രഭാസ്‌ നായകാനായി എത്തുന്ന ചിത്രം ഓഗസ്റ്റ് 30തിനാണ് തിയേറ്ററിലെത്തുന്നത്. നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇലുമിനേഷനാണ്. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് കൊച്ചിയിൽ നടന്നു. മോഹൻലാലായിരുന്നു ചടങ്ങിലെ മുഖ്യാതിഥിയായത്. ചടങ്ങില്‍ നടൻ സിദ്ധിഖ്, മംമ്ത മോഹൻദാസ് തുടങ്ങി സിനിമ മേഖലയിലെ നിരവധി പേർ പങ്കെടുത്തു.

'താൻ ഒരു മോഹൻലാലിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ടെന്നും ചടങ്ങിൽ പ്രഭാസ് പറഞ്ഞു. മലയാള സിനിമാ കുടുംബത്തിലേക്ക് പ്രഭാസിനെ സ്വാഗതം ചെയ്യുന്നതായി മോഹൻലാൽ പറഞ്ഞു'. 

സുജീത് റെഡ്ഡിയാണ് സാഹോ സംവിധാനം ചെയ്തിരിക്കുന്നത്.  ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക.യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറായ സാഹോയിലെ ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത് കെന്നി ബേറ്റ്സ് ആണ്. മലയാളിതാരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.