പ്രളയദുരിതത്തിന്‍റെ നാശനഷ്ടം അനുഭവിക്കുന്ന തെലങ്കാനയ്ക്ക് ധനസഹായം നല്‍കി തെലുങ്ക് ചലച്ചിത്രതാരം പ്രഭാസ്. ഒന്നരക്കോടി രൂപയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് നല്‍കിയത്. നിര്‍മ്മാതാവ് ബി എ രാജുവാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

നേരത്തെ ചിരഞ്ജീവി, പവന്‍ കല്യാണ്‍, മഹേഷ് ബാബു എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി വീതം ധനസഹായം നല്‍കിയിരുന്നു. നാഗാര്‍ജുന, ജൂനിയര്‍ എന്‍ടിആര്‍, രവി തേജ, വിജയ് ദേവരകൊണ്ട തുടങ്ങി തെലുങ്ക് സിനിമാലോകത്തെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ പ്രളയദുരിതം നേരിടുന്ന തങ്ങളുടെ സംസ്ഥാനത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു.

കനത്ത മഴ ഏറ്റവും നാശം വിതച്ച ഹൈദരാബാദ് നഗരത്തില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ 37,000ല്‍ അധികം കുടുംബങ്ങളെ പ്രളയം ബാധിച്ചുവെന്നാണ് കണക്കുകള്‍. നാളെ വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് ഐഎംഡിയുടെ നിഗമനം. പ്രളയ സാഹചര്യം കണക്കിലെടുത്ത് സ്കൂള്‍, കോളെജ് പരീക്ഷകള്‍ ദസറ വരെ നീട്ടിവെക്കുന്നതായി വിദ്യാഭ്യാസമന്ത്രി സബിത ഇന്ദ്ര റെഡ്ഡി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.