ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. ഒട്ടേറെ സിനിമകളാണ് പ്രഭാസ്  നായകനായി എത്താനിരിക്കുന്നത്. ഓരോ സിനിമകളും ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇപ്പോഴിതാ കെജിഎഫ് എന്ന ഹിറ്റുമായി ശ്രദ്ധേയനായ പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശാന്ത് നീല്‍ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ നേരത്തെ തുടങ്ങിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി പേരും പ്രഖ്യാപിച്ചിരിക്കുകയാണ്.

കെജിഎഫിന്റെ നിര്‍മാതാക്കളുടെ ചിത്രത്തിന് സലാര്‍ എന്നാണ്  പേര്. ഒരു ആക്ഷൻ എന്റെര്‍ടെയ്‍നറാണ് ഇത്. ഏറ്റവും ആക്രമണകാരിയായ മനുഷ്യൻ എന്നാണ് ഫസ്റ്റ് ലുക്കില്‍ ടാഗ്‍ലൈനായിട്ട് എഴുതിയിരിക്കുന്നത്. അടുത്തവര്‍ഷം പകുതയോടെ മാത്രമേ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. പ്രശാന്ത് നീല്‍ തന്നെ മറ്റ് വിവരങ്ങള്‍ പ്രഖ്യാപിക്കും. രാധേ ശ്യാം ആണ് പ്രഭാസിന്റെതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം.

ഇറ്റലിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പ്രഭാസ് മടങ്ങിയിരുന്നു.

രാധാ കൃഷ്‍ണ കുമാറാണ് രാധേ ശ്യാം സംവിധാനം ചെയ്യുന്നത്.