എസ്.എസ്. രാജമൗലിയുടെ ബാഹുബലി സിനിമയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് രണ്ട് ഭാഗങ്ങളും ഒരുമിച്ച് 'ബാഹുബലി ദ എപ്പിക്' എന്ന പേരിൽ വീണ്ടും തിയേറ്ററുകളിലെത്തി. 4കെ മികവോടെ എത്തിയ ചിത്രത്തെ പുതിയ സിനിമയുടെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ചില സിനിമകൾ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും പ്രേക്ഷക മനസിലങ്ങനെ മായാതെ കിടക്കും. ആ സിനിമകളുമായി ബന്ധപ്പെട്ടൊരു കാര്യം സംഭാഷണത്തിലോ പാട്ടിലോ ഒക്കെ അവരുടെ ഇടയിൽ കടന്നു വരും. പ്രത്യേകിച്ച് അതിലെ കഥാപാത്രങ്ങൾ. അത്തരത്തിലൊരു സിനിമയാണ് ബാഹുബലി. എസ് എസ് രാജമൗലി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ബാഹുബലി ഫ്രാഞ്ചൈസികള്‍ രണ്ടും ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഭാഗമായ ബാഹുബലി: ദ ബിഗിനിംഗ് റിലീസ് ചെയ്ത് പത്ത് വർഷം തികഞ്ഞതിനോട് അനുബന്ധിച്ചായിരുന്നു രണ്ട് ഭാഗങ്ങളും കൂടി ഒന്നിച്ച് തിയറ്ററുകളിൽ എത്തിയത്.
ബാഹുബലി ദ എപ്പിക് എന്ന പേരിലാണ് ഫ്രാഞ്ചൈസികൾ തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. 3 മണിക്കൂറും 45 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യം. വൻ ആവേശത്തോടെയാണ് ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ഒരു പുതിയ സിനിമ റിലീസ് ചെയ്യുന്ന, കാണുന്ന അതേ ആവേശം തിയറ്ററുകളിൽ എങ്ങും മുഴങ്ങി കേട്ടു. ആർപ്പുവിളിച്ചും ഉച്ചത്തിൽ കരഘോഷം മുഴക്കിയുമാണ് അവർ സിനിമയെ വരവേറ്റത്. തിയറ്ററുകളിലെ ആഘോഷങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. തിയറ്റർ വിസിറ്റ് നടത്തിയ രാജമൗലിയെ പൊന്നാട അണിയിച്ചാണ് ഏവരും സ്വീകരിച്ചത്. ഇവിടെ വച്ച് പ്രഭാസിന്റെ പോസ്റ്റർ രാജമൗലി ഉയർത്തിപിടിച്ചതും ഏറെ ശ്രദ്ധനേടി.
റീ-റിലീസിൽ മെച്ചപ്പെടുത്തിയ വിഷ്വലുകൾ, റീമാസ്റ്റർ ചെയ്ത ഓഡിയോ എല്ലാം പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്. വിശ്വസനീയമായ അനുഭവം എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. അതേസമയം, പ്രീ സെയിലിൽ നിന്നും 6 കോടിയോളം രൂപ ബാഹുബലി ദ എപ്പിക് നേടിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ സിനിമയിൽ റീ-റിലീസായ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന പടമാകും ഇതെന്നാണ് വിലയിരുത്തലുകൾ.
2015ലാണ് ബാഹുബലി - ദി ബിഗിനിംങ് റിലീസ് ചെയ്തത്. പിന്നാലെ 2017 ൽ ബാഹുബലി 2 - ദി കൺക്ലൂഷനും റിലീസ് ചെയ്തു. ഇരു ചിത്രങ്ങളും ഇന്ത്യൻ ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു.



