പ്രഭാസ് നായകനാകുന്ന പുതിയ സിനിമയാണ് രാധേ ശ്യാം. രാധ കൃഷ്‍ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ഇറ്റലിയിലെ ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന് വേണ്ട സെറ്റിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

ഹൈദരാബാദിലാണ് ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. റാമോജി റാവു ഫിലിം സിറ്റിയില്‍ വൻ സെറ്റ് ഉയരുന്നുവെന്നാണ് വാര്‍ത്ത. 30 കോടി രൂപ ചെലവിട്ടാണ് സെറ്റ് നിര്‍മിക്കുന്നത്. ക്ലൈമാക്സ് രംഗത്തിലെ വളരെ പ്രധാനപ്പെട്ട രംഗങ്ങള്‍ ഇവിടെയായിരിക്കും ചിത്രീകരിക്കുക. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാധേ ശ്യാം.

കൊവിഡ് മഹാമാരി കാരണം സിനിമയുടെ ചിത്രീകരണത്തിന് തടസം നേരിട്ടിരുന്നു.

പ്രഭാസ് - പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന  രാധേ ശ്യാം ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര. 2021 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.