പണമായി 15 കോടി, ബാക്കി ശമ്പളം ഇങ്ങനെ; 'സലാര്‍' നിര്‍മ്മാതാവിന്‍റെ അധികഭാരം കുറയ്ക്കാന്‍ പ്രഭാസ്
200 കോടിയിലേറെ ബജറ്റ് വരുന്ന ചിത്രമാണ് സലാര്‍

ഇന്ത്യന്‍ സിനിമ ഒരു വ്യവസായമെന്ന നിലയ്ക്ക് ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. കളക്ഷന്‍ വര്‍ധിച്ചുവരുന്നതിനനുസരിച്ച് നിര്‍മ്മാതാക്കള്‍ സിനിമയില്‍ കൂടുതല്‍ മുതല്‍മുടക്കും നടത്തുന്നുണ്ട്. അതനുസരിച്ച് താരങ്ങളുടെ പ്രതിഫലത്തിലും വലിയ കുതിപ്പാണ് നടക്കുന്നത്. വിജയിച്ചാല്‍ വലിയ വിജയം, പരാജയപ്പെട്ടാല്‍ എട്ട് നിലയില്‍ പൊട്ടല്‍ എന്നതാണ് നിലവിലെ അവസ്ഥ. അതിനാല്‍ സൂപ്പര്‍താരങ്ങളുടെ പ്രതിഫലത്തിലുണ്ടായിരിക്കുന്ന വര്‍ധന നിര്‍മ്മാതാക്കള്‍ക്ക് ഒരു ഭീഷണിയാണ്. എന്നാല്‍ അവരെ കാസ്റ്റ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന വലിയ സാധ്യതയെ ഉപേക്ഷിക്കാനും വയ്യ. അല്ലാതെതന്നെ ഉയര്‍ന്ന ബജറ്റില്‍ ചിത്രമൊരുക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ പ്രതിഫലം കൊണ്ട് ഉണ്ടാവുന്ന അധിക ഭാരം കുറയ്ക്കാന്‍ താരങ്ങളില്‍ പലരും സാലറി മോഡലില്‍ പരീക്ഷണം നടത്തുന്നുണ്ട്.
ഉദാഹരണത്തിന് ഷാരൂഖ് ഖാന്‍റെയും ബോളിവുഡിന്‍റെയും തിരിച്ചുവരവ് ചിത്രമായി മാറിയ പഠാനില്‍ റിലീസിന് മുന്‍പ് എസ്ആര്‍കെ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല. മറിച്ച് ചിത്രം ചിത്രത്തിന്‍റെ ലാഭവിഹിതത്തിലെ ഷെയര്‍ ആയിരുന്നു കരാര്‍. 1050 കോടി കളക്റ്റ് ചെയ്ത ചിത്രത്തില്‍ നിന്ന് അവസാനം ഷാരൂഖ് ഖാന് 210 കോടി ലഭിക്കുകയും ചെയ്തു. ഇപ്പോഴിതാ കരിയറില്‍ തുടര്‍ പരാജയങ്ങളിലൂടെ കടന്നുപോകുന്ന പ്രഭാസും ഒരു വേറിട്ട സാലറി മോഡല്‍ പരീക്ഷിക്കുകയാണ്. വരാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം സലാറില്‍ നിര്‍മ്മാതാവില്‍ നിന്ന് മുഴുവന്‍ പ്രതിഫലവും കൈപ്പറ്റുന്നില്ല പ്രഭാസ്. മറിച്ച് ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് ആണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
200 കോടിയിലേറെ ബജറ്റ് വരുന്ന ചിത്രമാണ് സലാര്‍. ഇതില്‍ അഭിനയിക്കുന്നതിന് 10- 15 കോടിയാണ് പ്രഭാസ് അഡ്വാന്‍സ് ഇനത്തില്‍ വാങ്ങുന്നത്. ഒപ്പം ഡിജിറ്റല്‍ റൈറ്റ്സ് ഇനത്തില്‍ ചിത്രത്തിന് ലഭിക്കുന്ന തുകയും. 55- 60 കോടിയെങ്കിലും ഡിജിറ്റല്‍ റൈറ്റ്സ് ഇനത്തില്‍ സലാറിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെജിഎഫ് സംവിധായകന്‍റെ ചിത്രം കെജിഎഫ് ഫ്രാഞ്ചൈസി പോലെ വലിയ വിജയം നേടുന്നപക്ഷം ഒടിടി റൈറ്റ്സ് ഇനത്തില്‍ അതിലുമേറെ ലഭിക്കും. അതേസമയം ഇത് നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ഡിസംബര്‍ 22 നാണ് സലാര്‍ ആദ്യ ഭാഗത്തിന്‍റെ റിലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക