'വിക്രം' റിലീസിന് മുന്‍പ് 'കൈതി' കാണാന്‍ പറഞ്ഞു; 'ലിയോ' കാണാനിരിക്കുന്ന പ്രേക്ഷകരോട് ലോകേഷിന് പറയാനുള്ളത്
ഒക്ടോബര്‍ 19 റിലീസ് ആണ് ചിത്രം

തമിഴ് സിനിമയില്‍ നിന്നുള്ള സമീപകാല റിലീസുകളില്‍ ലിയോയോളം ഹൈപ്പ് ഉയര്‍ത്തിയ മറ്റൊരു ചിത്രമില്ല. വന്‍ വിജയം നേടിയ രജനികാന്ത് ചിത്രം ജയിലറിനേക്കാള്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ആണ് ചിത്രം നേടിയിരിക്കുന്നത്. ഒരു വിജയ് ചിത്രം എന്നതിലുപരി തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് എത്തുന്ന ചിത്രം എന്നതാണ് ഇത്രയധികം ശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണം. സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ദിവസങ്ങളില്‍ ലിയോ മാത്രമാണ് ചര്‍ച്ച. ഇപ്പോഴിതാ ആദ്യദിനം ചിത്രം കാണാന്‍ തിയറ്ററുകളിലെത്തുന്ന പ്രേക്ഷകരെ ഒരു പ്രധാന കാര്യം ഓര്‍മ്മിപ്പിക്കുകയാണ് ലോകേഷ് കനകരാജ്. ചിത്രത്തിന്‍റെ ആദ്യ പത്ത് മിനിറ്റ് ഒരിക്കലും മിസ് ചെയ്യരുത് എന്നാണ് അത്. അതിന്‍റെ കാരണവും അദ്ദേഹം പറയുന്നു. ഒരു പ്രൊമോഷണല്‍ ഇന്‍റര്‍വ്യൂവിനിടെയാണ് ലോകേഷ് ഇക്കാര്യം പറയുന്നത്.
"ലിയോയുടെ ആദ്യ പത്ത് മിനിറ്റ് മിസ് ആക്കരുതെന്ന് മുഴുവന്‍ പ്രേക്ഷകരോടും പറയാന്‍ ആഗ്രഹിക്കുകയാണ് ഞാന്‍. കാരണം, ആയിരമെന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും, അത്രയധികം പേര്‍ ആ രംഗങ്ങള്‍ക്കുവേണ്ടി ജോലി ചെയ്തിട്ടുണ്ട്. സിനിമ മുഴുവനും നിരവധി പേര്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യ 10 മിനിറ്റിന് പിന്നിലെ അധ്വാനം അതിലും ഏറെയാണ്. നേരത്തെ തിയറ്ററിലെത്തി സമാധാനമായിരുന്ന് അത് ആസ്വദിക്കുക. അതിനുവേണ്ടിയാണ് ഞങ്ങള്‍ ഇത്രയും പണിയെടുത്തത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ ഒക്ടോബര്‍ വരെ നിര്‍ത്താതെ ഓടിയത്. അത് നിങ്ങള്‍ക്കുവേണ്ടി മാത്രമാണ്. അതുകൊണ്ടാണ് പ്രേക്ഷകരോട് ഇക്കാര്യം പറയണമെന്ന് നിശ്ചയിച്ചത്. ആദ്യ 10 മിനിറ്റ് അവര്‍ക്കുള്ള ഒരു വിരുന്ന് ആയിരിക്കും. ഞാന്‍ തിയറ്ററില്‍ ലിയോ കാണാന്‍ പോകുമ്പോള്‍ സിനിമ തുടങ്ങുമ്പോഴേക്ക് എല്ലാവരും എത്തിയോ എന്ന ആകാംക്ഷയില്‍ ആയിരിക്കും", ലോകേഷ് പറയുന്നു.
കരിയറിലെ ഏറ്റവും വലിയ വിജയമായ കമല്‍ ഹാസന്‍ ചിത്രം വിക്രം ഇറങ്ങുന്നതിന് തൊട്ടുമുന്‍പും ലോകേഷ് പ്രേക്ഷകരോട് ഒരു അഭ്യര്‍ഥനയുമായി എത്തിയിരുന്നു. വിക്രത്തിന് ടിക്കറ്റ് എടുക്കുന്നതിന് മുന്‍പ് തന്‍റെ മുന്‍ ചിത്രം കൈതി ഒരിക്കല്‍ക്കൂടി കാണണമെന്നതായിരുന്നു അത്. അന്ന് അങ്ങനെ പറഞ്ഞതിന് കാരണമെന്തെന്നതിനുള്ള ഉത്തരമായിരുന്നു വിക്രം. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ട് ചിത്രങ്ങളാണ് കൈതിയും വിക്രവും. ലിയോ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള വലിയ കൌതുകവും അതാണ്. ലിയോ എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമായിരിക്കുമോ അല്ലയോ എന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക