നടൻ പ്രഭുവിന്റെ ആരോഗ്യനില മോശമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശിവാജി ഗണേശന്റെ ഓര്‍മ ചടങ്ങില്‍ പ്രഭുവിന്റെ അസാന്നിദ്ധ്യം ആണ് വാര്‍ത്തകള്‍ക്ക് കാരണം. വലിയ അഭ്യൂഹങ്ങളാണ് തുടര്‍ന്നുണ്ടായത്. പ്രമുഖരായ അഭിനേതാക്കള്‍ ഒക്കെ എത്തിയപ്പോള്‍ പ്രഭുവിനെ അവിടെ കാണാതിരുന്നത് ആരാധകര്‍ ചര്‍ച്ചയാക്കി. പ്രഭുവിന് കൊവിഡ് ബാധിച്ചെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശരിയല്ല എന്ന് വ്യക്തമാക്കി പ്രഭു തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഒന്നാം തിയ്യതി ഇതിഹാസ നടൻ ശിവാജി ഗണേശന്റെ തൊണ്ണൂറ്റിരണ്ടാമത് ജന്മവാര്‍ഷികമായിരുന്നു. ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തെ അനുസ്‍മരിച്ചു. അദ്ദേഹത്തോടുള്ള ആദര സൂചകമായി വീട്ടില്‍ ഒരു ചടങ്ങും സംഘടിപ്പിച്ചു. തമിഴ്‍നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം അടക്കമുള്ള പ്രമുഖരും എത്തി. കൊവിഡായതിനാലാണ് പ്രഭു എത്താതിരുന്നത് എന്ന വാര്‍ത്തകള്‍ വന്നു. എന്നാല്‍ തന്റെ ആരോഗ്യനിലയില്‍ പ്രശ്‍നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രഭു.

പ്രഭുവിന്റെ മകൻ വിക്രം പ്രഭുവും ചടങ്ങിന് എത്താതിരുന്നതിനാല്‍ ഇവര്‍ ഹോം ക്വാറന്റൈനിലാണ് എന്നായിരുന്നു അഭ്യൂഹങ്ങള്‍.

കൊവിഡ് രോഗ ബാധിതനല്ല താൻ എന്ന് പറയുകയാണ് പ്രഭു. നനഞ്ഞ തറയിലൂടെ നടക്കുമ്പോള്‍ കണങ്കാലിന് പരുക്കേറ്റതാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാൻ കാരണമെന്നാണ് പ്രഭു പറയുന്നത്.