മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിലെ 'ഉണ്ണിമായ' എന്ന നായികാ കഥാപാത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയ താരമാണ് പ്രാചി തെഹ്‍ലാന്‍. പ്രാചിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'റാമി'ല്‍ അഭിനയിച്ചേക്കുമെന്ന ഒരു സൂചന പ്രാചി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിച്ചപ്പോള്‍ പ്രാചി തെഹ്‍ലാന്‍ താരനിരയുടെ ഭാഗമായിരുന്നില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം തന്നെ തേടി എത്തിയിരുന്നെന്നും എന്നാല്‍ ഒരു അഭിനേത്രി എന്ന നിലയില്‍ പ്രകടനത്തിനുള്ള അവസരമില്ലാത്ത കഥാപാത്രമായിരുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നെന്നും പ്രാചി തെഹ്‍ലാന്‍ പറയുന്നു. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.

പ്രാചിയുടെ മുന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

 

'റാം' എന്തുകൊണ്ട് ഒഴിവാക്കി?

"മോഹന്‍ലാലിനൊപ്പം ഒരു ചിത്രം വലിയ നേട്ടവും സ്വപ്നവുമാണ്. അവരെന്നെ ആ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ കഥ കേട്ടു കഴിഞ്ഞപ്പോള്‍ ആ റോളില്‍, ഒരു നടി എന്ന നിലയില്‍ എനിക്കു ചെയ്യാന്‍ വലുതായി ഒന്നുമില്ലെന്നു തോന്നി. അത്ര ചെറിയൊരു റോള്‍ മാത്രമായിരുന്നു അത്. അതിനാല്‍ പിന്‍വാങ്ങി. ചലച്ചിത്ര മേഖലയില്‍ എന്‍റേതായ ഒരിടം കണ്ടെത്താന്‍ സഹായിക്കുന്ന നല്ല വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണുള്ളത്. അത്തരം അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു", പ്രാചി തെഹ്‍ലാന്‍ പറയുന്നു.

 

വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രതിഭ തെളിയിച്ചതിനു ശേഷമാണ് പ്രാചി സിനിമയിലേക്ക് എത്തുന്നത്. നെറ്റ്ബോള്‍, ബാസ്കറ്റ് ബോള്‍ താരമായിരുന്ന അവര്‍ ഇന്ത്യന്‍ നെറ്റ്ബോള്‍ ടീമിന്‍റെ ക്യാപ്റ്റനുമായിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീം ഇന്ത്യയെ നയിച്ചതും പ്രാചി ആയിരുന്നു. എന്നാല്‍ തൊഴിലവസരങ്ങളൊന്നും തേടി എത്താതിരുന്നതിനാല്‍ കായിക മേഖലയോട് വിട പറഞ്ഞ് പഠനത്തിലേക്ക് തിരിയുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ കണ്‍സല്‍ട്ടന്‍റ് ആയി ജോലി ചെയ്യവെയാണ് ടെലിവിഷന്‍ ഷോയിലേക്ക് അവസരം ലഭിക്കുന്നതും പിന്നീട് സിനിമയിലേക്ക് എത്തുന്നതും. കൊവിഡ് കാലത്തായിരുന്നു പ്രാചിയുടെ വിവാഹം. ദീര്‍ഘകാല സുഹൃത്തും വ്യവസായിയുമായ രോഹിത്തുമായുള്ള വിവാഹം കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു.