ഭ്രമയുഗം, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ. 

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കി. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം മുപ്പത്തഞ്ച് ദിവസത്തോളമെടുത്താണ് ഷൂട്ടിം​ഗ് പൂർത്തിയാക്കിയതെന്നാണ് വിവരം. മാർച്ച് 24ന് ആയിരുന്നു പ്രണവ് മോഹൻലാൽ ചിത്രം ചെയ്യുന്നുവെന്ന് രാഹുൽ അറിയിച്ചത്. അതുകൊണ്ട് തന്നെ ഇത്രപെട്ടെന്ന് ഷൂട്ടിം​ഗ് കഴിഞ്ഞോ എന്നാണ് പലരും കമന്റ് ബോക്സിൽ കുറിക്കുന്നത്. ഷൂട്ടിം​ഗ് എപ്പോൾ തുടങ്ങി എന്ന് ചോദിക്കുന്നവരും ധാരാളമാണ്. 

ഭ്രമയു​ഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ജോണറിലാണ് ഒരുങ്ങുന്നത്. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാം ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും നിർമാതാക്കൾ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

View post on Instagram

2025ന്റെ അവസാന പാദത്തിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ഷെഹ്നാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക് മുഹമ്മദ് അലി ആണ്. ജ്യോതിഷ് ശങ്കര്‍ ആണ് സിനിമയുടെ ആര്‍ട്ട് വര്‍ക്കുകള്‍ ഒരുക്കുന്നത്. ക്രിസ്റ്റോ സേവിയര്‍ ആണ് സിനിമയുടെ സംഗീതം സംവിധാനം. പിആർഒ ശബരി. 

'പണി'യിലെ വില്ലന്മാർ പ്രധാന വേഷത്തിൽ; കടകന് ശേഷം സജിൽ മമ്പാടും

ഭ്രമയുഗം, ഭൂതകാലം എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രം ഏത് ജോണറിലുള്ള ഹൊററായിരിക്കും പറയുക എന്നറിയാൻ പ്രേക്ഷകർ ആവേശത്തിലാണ്. വർഷങ്ങൾക്കു ശേഷം ആണ് പ്രണവ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. എമ്പുരാനിൽ കാമിയോ റോളിലും പ്രണവ് അഭിനയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..