ഹിമാചലില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ച് പ്രണവ് മോഹൻലാല്‍.

യാത്രകള്‍ നിരന്തരം നടത്താറുള്ള താരമാണ് പ്രണവ് മോഹൻലാല്‍ (Pranav Mohanlal in Himachal Pradesh)). പ്രണവ് മോഹൻലാലിന്റെ ഹിമാലയൻ യാത്രകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പ്രണവിന്റെ യാത്രകളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹൻലാല്‍ തന്നെ പങ്കുവെച്ച ഹിമാചല്‍ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

പ്രണവ് മോഹൻലാല്‍ നായകനായ ചിത്രം 'ഹൃദയം' (Hridayam) ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 'ഹൃദയം' എന്ന ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രണവ് മോഹൻലാല്‍ ഹിമാചല്‍ പ്രദേശിലെ യാത്രയിലാണ്. യാത്രകളെ എന്നും അതിരില്ലാതെ സ്‍നേഹിക്കുന്ന താരമാണ് താനും പ്രണവ് മോഹൻലാല്‍. ചാച്ചാച ചാച്ചി ധാബ, മുധ് വില്ലേജ് ഫോട്ടോകള്‍ പ്രണവ് മോഹൻലാല്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ നിങ്ങള്‍ വീണ്ടും നാടുവിട്ടുവല്ലേ എന്ന തരത്തില്‍ രസകരമായ കമന്റുകളാണ് ആരാധകര്‍ എഴുതുന്നത്.

View post on Instagram

തുടർച്ചയായ അഞ്ചാം വാരത്തിലും 'ഹൃദയം' മികച്ച പ്രതികരണവുമായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. പ്രേക്ഷകരോട് നന്ദി പറഞ്ഞ് പ്രണവ് മോഹൻലാല്‍ തന്നെ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. 'ഹൃദയം' ഇന്ത്യയിലെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. നിങ്ങളുടെ അളവറ്റ സ്‍നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും എന്നായിരുന്നു പ്രണവ് മോഹൻലാല്‍ പറഞ്ഞത്.

View post on Instagram

പ്രണവ് മോഹൻലാല്‍ ചിത്രം ഒടിടിയിലും സ്‍ട്രീമിംഗ് തുടങ്ങിയിട്ടുണ്ട്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിം​ഗ് ആരംഭിച്ചത്. പൃഥ്വിരാജിന്‍റെ മോഹൻലാല്‍ ചിത്രം 'ബ്രോ ഡാഡി'ക്കു ശേഷം ഡിസ്‍നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണിത്. 'ബ്രോ ഡാഡി' ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. 

'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം എത്തുന്നത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. 

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്‍തിരുന്നു.

Read More : മികച്ച പ്രതികരണവുമായി 'ഹൃദയം' അഞ്ചാം വാരത്തിൽ; നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ

ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷന്‍ 28.70 കോടിയാണെന്നാണ് റിപ്പോര്‍ട്ട് . ഇതില്‍ 24 കോടിക്കുമേല്‍ കേരളത്തില്‍ നിന്നുള്ള കളക്ഷനാണ്. പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രമാണിത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്‍ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറിലാണ് വിശാഖ് സുബ്രഹ്‍മണ്യം 'ഹൃദയം' നിര്‍മിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.