ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമയാകും ഇത്. ചിത്രം റിലീസ് ചെയ്യുന്നതോടെ പന്ത്രണ്ടോളം ഗിന്നസ് റെക്കോര്‍ഡുകള്‍ ഈ സിനിമ സ്വന്തമാക്കുമെന്നാണ് പ്രശാന്ത് മാമ്പുള്ളി പ്രതീക്ഷ പങ്കുവെച്ചിരിക്കുന്നത്.

തിരുവനന്തപുരം: ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് ബോളിവുഡ് സിനിമ ഒരുക്കി റെക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ഷൂട്ടിങും പോസ്റ്റ് പ്രൊഡക്ഷനും 24 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമയാകും ഇത്. ചിത്രം റിലീസ് ചെയ്യുന്നതോടെ പന്ത്രണ്ടോളം ഗിന്നസ് റെക്കോര്‍ഡുകള്‍ ഈ സിനിമ സ്വന്തമാക്കുമെന്നാണ് പ്രശാന്ത് മാമ്പുള്ളി പ്രതീക്ഷ പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ ടെക്‌നീഷ്യന്‍മാരുള്‍പ്പെടെ സിനിമയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. 30 ക്യാമറകള്‍ ഉപയോഗിച്ചാകും ചിത്രീകരണം നടത്തുക.

ബോളിവുഡില്‍ ഒരുക്കുന്ന ചിത്രത്തില്‍ സൂപ്പര്‍താരമായിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. ഒരേയൊരു കഥാപാത്രം മാത്രമാകും സിനിമയിലുള്ളത്. അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനം ഈ സിനിമയില്‍ കാഴ്ച വെക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ആശയം. ചിത്രത്തിലൂടെ ഓസ്‌കാര്‍ നാമനിര്‍ദ്ദേശവും ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങളും പ്രതീക്ഷിക്കുന്നതായി പ്രശാന്ത് മാമ്പുള്ളി പറഞ്ഞു. ഇര്‍ഫാന്‍ കമാലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം വഴിയാകും സിനിമ റിലീസ് ചെയ്യുക. 2008ല്‍ മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച 'ഭഗവാനും' 18 മണിക്കൂറില്‍ പൂര്‍ത്തിയാക്കിയ കന്നഡ സിനിമ 'സുഗ്രീവ'യ്ക്കും ശേഷമാണ് പ്രശാന്ത് മാമ്പുള്ളി പുതിയ പരീക്ഷത്തിനൊരുങ്ങുന്നത്.