അവസാന ചിത്രത്തില്‍ പ്രതിഫലം 100 കോടി ആയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

തെലുങ്ക് സിനിമയ്ക്ക് ബാഹുബലി ചെയ്തു കൊടുത്തത് എന്താണോ അതാണ് സാന്‍ഡല്‍വുഡ് എന്ന് വിളിക്കുന്ന കന്നഡ സിനിമയ്ക്ക് കെജിഎഫ് ഫ്രാഞ്ചൈസി നല്‍കിയത്. അത്ര നാളും കന്നഡ സിനിമ തിയറ്ററില്‍ കണ്ടിട്ടില്ലാത്ത വലിയൊരു മറുഭാഷാ പ്രേക്ഷകവൃന്ദത്തെ 2018 ല്‍ പുറത്തെത്തിയ കെജിഎഫ് ചാപ്റ്റര്‍ 1 തിയറ്ററുകളില്‍ എത്തിച്ചു. അത് സൃഷ്ടിച്ച വമ്പന്‍ പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ കെജിഎഫ് ചാപ്റ്റര്‍ 2 ആദ്യ ഭാ​ഗത്തിനേക്കാള്‍ അഞ്ചിരട്ടി കളക്ഷന്‍ നേടി. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ തെലുങ്ക് സിനിമാ അരങ്ങേറ്റമായിരുന്നു സലാര്‍ ആദ്യ ഭാ​ഗവും വലിയ കളക്ഷനാണ് നേടിയത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത അവസാന മൂന്ന് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയ കളക്ഷന്‍ 2150 കോടിയാണ്. സ്വാഭാവികമായും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരില്‍ ഒരാള്‍. ഇപ്പോഴിതാ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ തന്‍റെ പ്രതിഫലക്കാര്യത്തില്‍ ഒരു പ്രധാന മാറ്റം കൊണ്ടുവന്നിരിക്കുകയാണ് പ്രശാന്ത് നീല്‍.

Add Asianetnews as a Preferred SourcegooglePreferred

ജൂനിയര്‍ എൻടിആര്‍ നായകനാവുന്ന ചിത്രമാണ് പ്രശാന്ത് നീലിന്‍റേതായി അടുത്തതായി പുറത്തുവരിക. ഡ്രാ​ഗണ്‍ എന്നാണ് ചിത്രത്തിന്‍റെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ഇത് ഔദ്യോ​ഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അവസാന ചിത്രമായ സലാറില്‍ 100 കോടിയാണ് പ്രശാന്ത് നീല്‍ പ്രതിഫലമായി വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡ്രാ​ഗണില്‍ പ്രതിഫലമായി ഒരു രൂപ പോലും പ്രശാന്ത് വാങ്ങുന്നില്ല എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറിച്ച് ലാഭവിഹിതം ഉള്‍പ്പെടുത്തി ഉള്ളതാണത്രേ നിര്‍മ്മാതാക്കളുമായുള്ള കരാര്‍.

ഇത് പ്രകാരം ലാഭത്തിന്‍റെ 50 ശതമാനം സംവിധായകന് ആയിരിക്കും. ബാക്കിയുള്ള 50 ശതമാനം തുക രണ്ട് നിര്‍മ്മാണ കമ്പനികള്‍ പങ്കിടും. എന്‍ടിആര്‍ ആര്‍ട്സും പുഷ്പ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്നാണ് ഡ്രാ​ഗണ്‍ നിര്‍മ്മിക്കുന്നത്. 300 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് പറയപ്പെടുന്നത്. ഇതില്‍ ജൂനിയര്‍ എന്‍ടിആറിന്‍റെ പ്രതിഫലം മിനിമം 100 കോടി എങ്കിലും വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മലയാളി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ടൊവിനോ തോമസും ബിജു മേനോനുമാണ് അത്. കന്നഡ താരം ​രു​ഗ്മിണി വസന്ത് ആണ് ചിത്രത്തിനെ നായിക.

Wayanad Landslide | Asianet News Live | Malayalam News Live | Kerala News Live | Live Breaking News