ഹിന്ദി നടൻ സഞ്‍ജയ് ദത്തിന് ക്യാൻസര്‍ ആണെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ ആശുപത്രിയിലേക്ക് ചികിത്സയ്‍ക്കായി പോകുമ്പോള്‍ സഞ്‍ജയ് ദത്ത് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ മനസില്‍.

മുംബൈ കോകിലാബെൻ ആശുപത്രിയിലാണ് സഞ്‍ജയ് ദത്ത് ചികിത്സ തേടുന്നത്.  ആശുപത്രിയിലേക്ക് പോകുമ്പോള്‍ സഞ്‍ജയ് ദത്തിനോട് പ്രതികരണം ആരാഞ്ഞിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ഥിക്കണം എന്നാണ് സഞ്‍ജയ് ദത്ത് പറഞ്ഞെതെന്ന് വാര്‍ത്ത ഏജൻസി വ്യക്തമാക്കുന്നു. സഞ്‍ജയ് ദത്തിന് ഒപ്പം ഭാര്യ മാന്യത ദത്തും ഉണ്ടായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ താൻ ജോലിയില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്നായിരുന്നു നേരത്തെ സഞ്‍ജയ് ദത്ത് വ്യക്തമാക്കിയത്. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നും സഞ്‍ജയ് ദത്ത് പറഞ്ഞിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകളും ആശംസകളും കാരണം താൻ എത്രയും പെട്ടെന്ന് മടങ്ങിവരുമെന്നും സഞ്‍ജയ് ദത്ത് പറഞ്ഞിരുന്നു. ദുഖിക്കരുത് എന്നും സഞ്‍ജയ് ദത്ത് പറഞ്ഞു. എന്തായാലും സഞ്‍ജയ് ദത്ത് മടങ്ങിവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.