ചിത്രം ബോക്സ് ഓഫീസില്‍ ഇനിയുമേറെ മുന്നോട്ടുപോകുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍

മലയാളത്തില്‍ നിന്ന് സമീപകാലത്ത് എത്തിയ ചിത്രങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നായിരുന്നു പ്രേമലു. നസ്‍ലെന്‍, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 9 നാണ് തിയറ്ററുകളില്‍ എത്തിയത്. തണ്ണീര്‍മത്തന്‍ ദിനങ്ങളും സൂപ്പര്‍ ശരണ്യയും ഒരുക്കിയ സംവിധായകന്‍റെ ചിത്രമെന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് അത്യാവശ്യം ലഭിച്ച ചിത്രമായിരുന്നു ഇത്. ആദ്യദിനത്തില്‍ തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ബോക്സ് ഓഫീസ് ചിത്രം മാറി.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം ചിത്രം 75 കോടി പിന്നിട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍. അത് ഇനിയുമേറെ മുന്നോട്ടുപോകുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. മലയാളം ഒറിജിനലിന് പിന്നാലെ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 8 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ച് ഇന്ന് ഹൈദരാബാദില്‍ വച്ച് നടക്കും. ഹൈദരാബാദ് വിഎന്‍ആര്‍ വിജെഐഇടി കോളെജില്‍ വച്ച് രാത്രി 7 നാണ് ലോഞ്ച്. ഇതില്‍ പങ്കെടുക്കാനായി മമിത ബൈജു അടക്കമുള്ളവര്‍ ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്.

Scroll to load tweet…

എസ് എസ് കാര്‍ത്തികേയയാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ റിലീസ് നടത്തുന്നത്. ഹൈദരാബാദ് പശ്ചാത്തലമാക്കുന്ന ചിത്രമെന്ന നിലയില്‍ തെലുങ്ക് പ്രേക്ഷകര്‍ക്ക് അടുപ്പക്കൂടുതല്‍ തോന്നാന്‍ സാധ്യതയുള്ള ചിത്രമാണിത്. തെലുങ്ക് സംസ്ഥാനങ്ങള്‍ക്കൊപ്പം വിദേശ മാര്‍ക്കറ്റുകളിലും തെലുങ്ക് പതിപ്പ് എത്തുന്നുണ്ട്. പ്രത്യങ്കിര സിനിമാസ് ആണ് ചിത്രം യുഎസില്‍ വിതരണം ചെയ്യുന്നത്. ചിത്രം തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ വര്‍ക്ക് ആവുന്നപക്ഷം ബോക്സ് ഓഫീസില്‍ വലിയ ചലനമുണ്ടാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. റിലീസ് ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

ALSO READ : 'ഇരുണ്ട കഥകളില്‍ നിന്നുള്ള മാറ്റം'; 'ഖല്‍ബി'നെക്കുറിച്ച് സുഹാസിനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം