1989-ലെ ക്ലാസിക് ചിത്രം കിരീടം 4 കെ റെസ്റ്റൊറേഷനോടെ റീ റിലീസിന് ഒരുങ്ങുന്നു

മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ കിരീടം റീ റിലീസിന് ഒരുങ്ങുകയാണ്. ലോഹിതദാസിൻറെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1989 ൽതിയറ്ററുകളിലെത്തിയ ചിത്രത്തിൻറെ റെസ്റ്റൊറേഷൻ നടത്തിയ പതിപ്പാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. നാഷണൽ ഫിലിം ഡെവലപ്മെൻറ് കോർപറേഷനും നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയും ചേർന്ന് നടത്തിയ 4 കെ റെസ്റ്റൊറേഷൻ മലയാളത്തിൽ ഇതുവരെ നടന്നതിൽ ഏറ്റവും മികച്ചതിൽ ഒന്നാണ്. ജൂലൈ 10 നാണ് ചിത്രത്തിൻറെ റീ റിലീസ്. ഇപ്പോഴിതാ ഇന്നത്തെ പ്രേക്ഷകർക്ക് കൗതുകമുള്ള ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിൻറെ നിർമ്മാതാക്കളിൽ ഒരാളായ എൻ കൃഷ്ണകുമാർ (കിരീടം ഉണ്ണി). ചിത്രത്തിൻറെ ബജറ്റും ബിസിനസും സംബന്ധിച്ചുള്ള കണക്കുകളാണ് അത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റീ റിലീസിന് മുന്നോടിയായി കൊടുത്ത ഒരു അഭിമുഖത്തിലാണ് കിരീടം ഉണ്ണി ഇക്കാര്യങ്ങൾ പറയുന്നത്. 23 ദിവസം കൊണ്ടാണ് കിരീടത്തിൻറെ ചിത്രീകരണം പൂർത്തിയായതെന്ന് അദ്ദേഹം പറയുന്നു- “ഞങ്ങൾ പാലക്കാടാണ് ആദ്യം ലൊക്കേഷൻ ഫിക്സ് ചെയ്തിരുന്നത്. അതിൻറെ തയ്യാറെടുപ്പുകളെല്ലാം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് തിലകൻ ചേട്ടൻറെ ഒരു ഇഷ്യൂ വന്നത്. തിലകൻ ചേട്ടൻ രണ്ട് പടത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് രാജീവ്കുമാറിന്റെ ചാണക്യനിലും അശോകന്റെ വർണം എന്നുള്ള പടത്തിലും. അപ്പോൾ അവിടെ വന്ന് അഭിനയിക്കാൻ പറ്റില്ല. എന്നെ വിട്ടേക്ക്, നിങ്ങൾ വേറെ ആരെയെങ്കിലും വെച്ചോളൂ എന്ന് അദ്ദേഹം പറഞ്ഞു. ഞാനും സിബിയും ലോഹിയും തീർത്തു പറഞ്ഞു ചേട്ടൻ ഇല്ലെങ്കിൽ നമ്മൾ ഈ പടം ചെയ്യുന്നില്ല, മാറ്റി വെക്കാം എന്ന്. മറ്റൊരു സാധ്യത ഉണ്ടായിരുന്നത് ലൊക്കേഷൻ തിരുവനന്തപുരത്തേക്ക് മാറ്റുകയാണ്. അങ്ങനെയെങ്കിൽ ഞാൻ എന്നാൽ കഴിയുന്ന രീതിയിൽ കിട്ടുന്ന സമയത്ത് വന്ന് അഡ്ജസ്റ്റ് ചെയ്ത് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ലൊക്കേഷൻ തിരുവനന്തപുരത്തേക്ക് മാറിയത്”, കിരീടം ഉണ്ണിയുടെ വാക്കുകള്‍.

“ഷൂട്ടിംഗ് തുടങ്ങി 23 ദിവസം കൊണ്ട് പരിപൂർണ്ണമായിട്ട് ഷൂട്ട് ചെയ്തു. ആകെ ബജറ്റ് വന്നത് 23.5 ലക്ഷം രൂപ ആയിരുന്നു. അന്ന് ഔട്റൈറ്റ് കൊടുക്കുകയായിരുന്നു. ഒരു എമൗണ്ട് വാങ്ങി പടം കൊടുക്കുകയാണ്. 34 രൂപ കിട്ടി നമുക്ക് അതിൽ നിന്ന്. ആ രീതിയിൽ പടം ഓടിയിട്ട് ലാഭമൊന്നും നമുക്ക് കിട്ടില്ല. നഷ്ടം വന്നാൽ അത് അവർ സഹിക്കണം. ലാഭം കിട്ടിയാൽ അതും വാങ്ങുന്നവർക്കാണ്. അതാണ് ഔട്റൈറ്റ് ബിസിനസ്”, കിരീടം ഉണ്ണി പറഞ്ഞവസാനിപ്പിക്കുന്നു. ജിഞ്ചർ മീഡിയ എൻറർടെയ്ൻ‍മെൻറ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming