മലയാള സിനിമകളുടെ റിലീസിന് മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം എന്ന ആശയവുമായി പ്രവര്‍ത്തനം ആരംഭിക്കുകയാണ് പ്രൈം റീല്‍സ്. ഇതിന്‍റെ ലോഗോ ലോഞ്ച് ഇന്ന് നടന്നു. എല്ലാ വെള്ളിയാഴ്ചയും ഒരു പുതിയ മലയാളം സിനിമ റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. പ്രൊഫ. സതീഷ് പോളിന്‍റെ സംവിധാനത്തില്‍ സൈജു കുറുപ്പ് നായകനാവുന്ന 'ഗാര്‍ഡിയന്‍' ആണ് പ്രൈം റീല്‍സിലെ ആദ്യ റിലീസ്. ജനുവരി 1 വെള്ളിയാഴ്ച ചിത്രം പ്രദര്‍ശനത്തിനെത്തും.

ആന്‍ഡ്രോയ്‍ഡ്, ഐ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനിലൂടെയും www.primereels.com എന്ന വെബ്സൈറ്റിലൂടെയും ചിത്രങ്ങള്‍ കാണാമെന്ന് അണിയറക്കാര്‍ പറയുന്നു. കൊച്ചി ഇൻഫോപാർക്ക്‌ ആസ്ഥാനമായ ഐയോണ്‍ ന്യൂ റിലീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ സംരഭത്തിനു പിന്നിൽ. 

പ്രൊഫ. സതീഷ് പോള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'ഗാര്‍ഡിയനി'ല്‍ സൈജു കുറുപ്പിനൊപ്പം മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജയ് ജിതിൻ സംവിധാനം ചെയ്ത്  ദുർഗ കൃഷ്ണയും അർജുൻ  നന്ദകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൺഫെഷൻസ്  ഓഫ് എ  കുക്കു', സുരാജ് വെഞ്ഞാറമൂട്, എം എ നിഷാദ്, സുധീർ കരമന, അനു ഹസൻ, പാർവതി രതീഷ്  എന്നിവർ അഭിനയിക്കുന്ന 'വാക്ക്', ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ  പ്രധാന വേഷങ്ങളിൽ എത്തുന്ന 'സുമേഷ് ആൻഡ് രമേഷ്' പ്രൈം റീല്‍സിലൂടെ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.