Asianet News MalayalamAsianet News Malayalam

ശിവകാര്‍ത്തികേയന്റെ 'പ്രിൻസി'ന്റെ ഡിജിറ്റല്‍- സാറ്റലൈറ്റ് റൈറ്റ്‍സിന് റെക്കോര്‍ഡ് തുക

ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രം ഒക്ടോബര്‍ 21ന് ആണ് റിലീസ് ചെയ്യുക.

 

Prince satellite and digital rights sold for a whopping price
Author
First Published Sep 16, 2022, 3:43 PM IST

തമിഴകത്ത് വിജയത്തിളക്കത്തില്‍ നില്‍ക്കുന്ന നടനാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത 'ഡോക്ടര്‍', 'ഡോണ്‍' എന്നീ ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ കടന്നിരുന്നു. ഇനി പ്രേക്ഷകര്‍ ശിവകാര്‍ത്തികേയന്റേതായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'പ്രിൻസ്' ആണ്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന 'പ്രിൻസിന്റെ' ഡിജിറ്റല്‍, സാറ്റലൈറ്റ് റൈറ്റ്‍സ് വിറ്റുപോയത് ഒരു ശിവകാര്‍ത്തികേയൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണെന്നാണ് റിപ്പോര്‍ട്ട്.

ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിന്റെ ഡിജിറ്റല്‍- സാറ്റലൈറ്റ് റൈറ്റ്‍സ് വിറ്റുപോയത് 42 കോടി രൂപയ്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ട്. 'പ്രിൻസി'ന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ്.  ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.  ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ട് ഒക്ടോബര്‍ 21ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം തമൻ എസ് ആണ്.

ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'പ്രിൻസ്' നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. 'പ്രിൻസ്' എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.  'പ്രിൻസി'ല്‍  യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കരൈക്കുടിയാണ് ലൊക്കേഷൻ. 'പ്രിൻസി'ന്റെ തിയറ്റര്‍ വിതരണാവകാശം തമിഴ്‍നാട്ടില്‍ പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു.

ശിവകാര്‍ത്തികേയൻ നായകനായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് സിബി ചക്രവര്‍ത്തി സംവിധാനം ചെയ്‍ത 'ഡോണ്‍' ആണ്. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തി.  അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നഗൂരൻ രാമചന്ദ്രൻ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചു.

Read More : ഫോട്ടോ പങ്കുവെച്ച് മോഹൻലാല്‍, സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്ക് എന്ന് ആരാധകര്‍

Follow Us:
Download App:
  • android
  • ios