മലയാളി സിനിമാപ്രേമികള്‍ അടുത്തകാലത്ത് ഏറ്റവുമധികം കാത്തിരുന്ന ചിത്രം തീയേറ്ററുകളിലെത്താന്‍ ഇനി പത്ത് ദിവസങ്ങള്‍ മാത്രം. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, നായകനാവുന്നത് മോഹന്‍ലാല്‍, തിരക്കഥയൊരുക്കുന്നത് മുരളി ഗോപി.. ഇത്തരത്തില്‍ പല ഘടകങ്ങളാല്‍ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തിയ ചിത്രമാണ് ലൂസിഫര്‍. 28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ഇപ്പോഴും കാര്യമായ വിവരങ്ങളൊന്നും സംവിധായകനോ തിരക്കഥാകൃത്തോ പുറത്തുവിട്ടിട്ടില്ല. ചുരുക്കം വാക്കുകളിലാണ് പൃഥ്വി ഇതുവരെ തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളിലൊന്നിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം.

ചിത്രത്തിലെ പ്രിയപ്പെട്ട രംഗങ്ങളിലൊന്ന് ആദ്യദിവസം തന്നെ ചിത്രീകരിച്ച ഒന്നാണെന്ന് പറയുന്നു പൃഥ്വിരാജ്. മോഹന്‍ലാല്‍ പങ്കെടുത്ത രംഗമായിരുന്നു അത്. ഒരു ക്രിസ്തീയ ദേവാലയത്തിന്റെ ഇന്റീരിയര്‍ പോലെ തോന്നുന്ന പശ്ചാത്തലത്തില്‍ മോഹന്‍ലാലിനൊപ്പം ചിത്രീകരണസമയത്തുള്ള സ്റ്റില്ലും പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഹൈദരാബാദ് ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് മോഹന്‍ലാല്‍ നടത്തിയ ഫേസ്ബുക്ക് ലൈവില്‍ പങ്കെടുക്കവെ ലൂസിഫറിനെക്കുറിച്ചും ചിത്രീകരണത്തിന്റെ ആദ്യദിനം മോഹന്‍ലാല്‍ വന്നതിനെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞിരുന്നു. അതിങ്ങനെ..

'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ടിന് ലാലേട്ടന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. സാര്‍, ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതുകേട്ട് ഞാന്‍ അമ്പരന്നു. അടുത്തുനിന്ന മുരളി ഗോപിയുടെ ചെവിയില്‍ ഞാന്‍ ചോദിച്ചു, എന്നെ ടെസ്റ്റ് ചെയ്യുകയാണോ എന്ന്.' പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് വിവേക് ഒബ്‌റോയ് ആണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. ചിത്രത്തിന്റെ സെന്‍സറിംഗ് ഇന്ന് നടക്കും.