മോഹന്‍ലാലിനെ നായകനാക്കി താന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലൂസിഫര്‍' അതിന്റെ രണ്ടാംഭാഗമായ 'എമ്പുരാനി'ല്‍ അവസാനിക്കില്ലെന്ന് പൃഥ്വിരാജ്. മോഹന്‍ലാല്‍ ചിത്രങ്ങളുടെ വിജയാഘോഷവും വരാനിരിക്കുന്നവയെ സംബന്ധിച്ച പുതിയ വിവരങ്ങളുടെ പ്രഖ്യാപനവും അടങ്ങിയ 'ആശീര്‍വാദത്തോടെ ലാലേട്ടന്‍' വേദിയില്‍ സംസാരിക്കവെയാണ് പൃഥ്വിരാജും മുരളിഗോപിയും ഇക്കാര്യം പറഞ്ഞത്. പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ..

'ലാലേട്ടന് ഇഷ്ടപ്പെട്ട ഒരു ചിന്ത, ആന്റണി പെരുമ്പാവൂര്‍ എന്ന മലയാളത്തിലെ ഒന്നാം നമ്പര്‍ നിര്‍മ്മാതാവ് പിന്തുണയ്ക്കാന്‍ തീരുമാനിച്ച ഒരു പ്രോജക്റ്റ്, മുരളിക്ക് ഏത് സംവിധായകനെ വേണമെങ്കിലും ഏല്‍പ്പിക്കാമായിരുന്നു. അത് എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചിടത്താണ് ഞാനൊരു സംവിധായകനായത്. അതിന് എക്കാലത്തേക്കും എനിക്ക് കടപ്പാടുണ്ട്. പിന്നെ അത് ഔപചാരികമായി പറയാത്തത് അദ്ദേഹം ഒരു സഹോദരനെപ്പോലെയാണ് എന്നതുകൊണ്ടാണ്. പിന്നെ, 'രാജൂ, ആരോടും പറയാന്‍ പാടില്ല' എന്നുംപറഞ്ഞ് മുരളി കാത്തുസൂക്ഷിച്ച രഹസ്യമായിരുന്നു ലൂസിഫര്‍ രണ്ടാംഭാഗത്തില്‍ അവസാനിക്കില്ല എന്നുള്ളത്. 'ലൂസിഫറി'ന്റെ മുഴുവന്‍ കഥ പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ആദ്യസിനിമ എടുത്ത്, ചളമാക്കിയാല്‍ പിന്നെ അത് പറയേണ്ട കാര്യമില്ലല്ലോ എന്ന് കരുതിയാണ് അത് ആദ്യമേ പറയാതിരുന്നത്.'

ചടങ്ങില്‍ പങ്കെടുത്ത മുരളി ഗോപിയും ഇക്കാര്യം പറഞ്ഞു. ലൂസിഫറിന്റെ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുന്‍പൊരു അഭിമുഖത്തില്‍ മുരളി ഗോപി ഇപ്രകാരം പറഞ്ഞിരുന്നു. 'ലൂസിഫര്‍ എന്നത് ഒരു ഫ്രാഞ്ചൈസിന്റെ (ഏടുകള്‍) സ്റ്റൈലില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള സാധനമാണ്. അതിനെക്കുറിച്ചുള്ള ബോധ്യത്തില്‍ തന്നെയാണ് ഞാനും പൃഥ്വിയും ലൂസിഫര്‍ ചെയ്തിരിക്കുന്നത്.'

കഴിഞ്ഞ ജൂണ്‍ 18നാണ് ലൂസിഫറിന്റെ രണ്ടാംഭാഗമായ 'എമ്പുരാന്‍' മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍വച്ച് അനൗണ്‍സ് ചെയ്യപ്പെട്ടത്. 2020 അവസാനത്തോടെയാവും ഇതിന്റെ ചിത്രീകരണം ആരംഭിക്കുക. തന്റെ ആദ്യ സംവിധാന സംരംഭമായ 'ബറോസ്' പൂര്‍ത്തിയാക്കിയതിന് ശേഷമാവും മോഹന്‍ലാല്‍ 'എമ്പുരാന്റെ' ചിത്രീകരണം ആരംഭിക്കുക. ആടുജീവിതം, കാളിയന്‍ എന്നീ സിനിമകളുടെ ചിത്രീകരണം പൃഥ്വിരാജിനും അതിനുമുന്‍പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്.