എമ്പുരാന്റെ സെറ്റ് വർക്ക് തുടങ്ങുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നിറഞ്ഞാടിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട ചെറിയ അപ്ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റർ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
എമ്പുരാന്‍റെ പുതിയ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. കുറച്ച് തോക്കുകള്‍ പോസ്റ്ററില്‍ കാണാം. ഇവ കൊണ്ട് എൽ2ഇ(ലൂസിഫർ 2 എമ്പുരാൻ) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഇതെന്താണ് എന്ന സംശയം പ്രേക്ഷകരില്‍ ധ്വനിപ്പിക്കുന്നുണ്ട് പോസ്റ്റര്‍. ഒപ്പം മോഹൻലാൽ അവതരിപ്പിക്കുന്ന 'ഖുറേഷി അബ്രഹാ'മിന് പിറന്നാൾ ആശംസയും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'സയീദ് മസൂദ്' എന്ന കഥാപാത്രത്തെയാണ് ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ചത്.
അതേസമയം, എമ്പുരാന്റെ സെറ്റ് വർക്ക് തുടങ്ങുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സെറ്റ് നിർമ്മാണം ഈ ആഴ്ചയോടെ ആരംഭിക്കുമെന്നാണ് വിവരം. ഇതിന് ശേഷം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും വിവരമുണ്ട്. എമ്പുരാൻ നിർമ്മിക്കുന്നതിനായി ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നു എന്നാണ് വിവരം. ലൂസിഫർ നിർമിച്ചത് ആശിർവാദ് സിനിമാസ് ആയിരുന്നു
സിനിമയുടെ ഷൂട്ട് ഈ വർഷം ഓഗസ്റ്റിൽ തുടങ്ങുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ആറു മാസത്തോളമായി നടന്ന ലൊക്കേഷൻ ഹണ്ട് യാത്രകൾ ഉത്തരേന്ത്യയിൽ അടുത്തിടെ അവസാനിച്ചു. ലൂസിഫറിലേത് പോലെ മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും എമ്പുരാനിലും ഉണ്ടാകും. എന്തായാലും ലൂസിഫർ പോലൊരു മാസ് ഹിറ്റാകും എമ്പുരാൻ എന്നാണ് വിലയിരുത്തപ്പെടുന്നത്.
'ഇത് താൻഡാ മലൈക്കോട്ടൈ വാലിബൻ'; മോഹൻലാൽ ലുക്ക് വൈറൽ
അതേസമയം, മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ട് ചെന്നൈയില്‍ പുരോഗമിക്കുക ആണ്. രാജസ്ഥാനിലെ ചിത്രീകരണം അടുത്തിടെ അവസാനിച്ചിരുന്നു.

