Asianet News MalayalamAsianet News Malayalam

പൃഥ്വിരാജിന്റെ മോഹൻലാല്‍ ചിത്രം ചെന്നൈയിലേക്കെന്ന് ഷിബു ജി സുശീലൻ, തീരുമാനമെടുത്തില്ലെന്ന് സിദ്ധു പനക്കല്‍

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ചെന്നൈയിലേക്ക് മാറ്റുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണം.

Prithviraj Mohanlal film detail
Author
Kochi, First Published Jul 5, 2021, 6:47 PM IST

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി.  കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു ചെയ്യാൻ കഴിയുന്ന സിനിമയാണ് ഇതെന്നായിരുന്നു പ്രഖ്യാപന വേളയില്‍ പൃഥ്വിരാജ് പറഞ്ഞത്. ചിത്രീകരണം, സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയുടെ ചിത്രീകരണം അയല്‍ സംസ്ഥാനത്തേയ്‍ക്ക് മാറ്റുന്നതായി നിര്‍മ്മാതാവും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ ഷിബു സുശീലനും ഇന്ന് പറഞ്ഞു. പൃഥ്വിരാജ് ആണ് തന്നോട് ഇക്കാര്യം അറിയിച്ചതെന്നാണ് ഷിബു
ജി സുശീലൻ പറഞ്ഞത്.  ചിത്രീകരണം കേരളത്തില്‍ നിന്ന് മാറ്റാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ബ്രോ ഡാഡിയുടെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സിദ്ധു പനയ്‍ക്കല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്.

പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയൽ സ്റ്റേറ്റുകളിലേക്ക് പോകുന്നുവെന്നായിരുന്നു ഷിബു സുശീലൻ ഫേസ്‍ബുക്കിലൂടെ അറിയിച്ചത്. പൃഥ്വിരാജ് തന്നോട് ഇക്കാര്യം പറഞ്ഞതാണെന്ന് ഷിബു ജി സുശീലൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടും സ്ഥിരീകരിച്ചു. രാജു ഞാൻ വര്‍ക്ക് ചെയ്യുന്ന തീര്‍പ്പ് എന്ന സിനിമയിലാണ് ഡബ് ചെയ്യുന്നത്. ഇന്ന് കുറച്ച് വൈകി മാത്രമേ വരികയുള്ളൂവെന്ന് കഴിഞ്ഞ ദിവസം രാജു വിളിച്ച് പറഞ്ഞിരുന്നു. ഇവിടെ ചിത്രീകരണ അനുമതി ഇല്ലാത്തതിനാല്‍ രാജു സംവിധാനം ചെയ്യുന്ന സിനിമയ്‍ക്ക് ചെന്നൈയില്‍ ലൊക്കേഷൻ നോക്കാനുള്ള ശ്രമത്തിലാണ് എന്ന് പറഞ്ഞു. അങ്ങനെ പരിചയമുള്ള ഏതെങ്കിലും വീടുണ്ടോ എന്നൊക്കെ ചര്‍ച്ച ചെയ്‍തു. ചെന്നൈയിലൈക്ക് അവര്‍ പോകുകയാണ് എന്ന് പറഞ്ഞാല്‍ ഇവിടത്തെ തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാ എന്നാണ് അതിന്റെ അര്‍ഥമെന്നും ഷിബു ജി സുശീലൻ പറഞ്ഞു. ആ സിനിമ മൂന്ന് വീടും ഒരു ഹോട്ടലും ഒരു ഔട്ട് ഡോറും മാത്രമേ ഉള്ളൂ. യഥാര്‍ഥത്തില്‍ ഇൻഡോറില്‍ അനുവാദം കിട്ടിയാല്‍ ചെയ്യാവുന്ന പടമാണ് അത് എന്നും ഷിബു ജി സുശീലൻ പറഞ്ഞു.

അവര്‍ കേരളത്തില്‍ പെരുമ്പാവൂര്‍, കോഴഞ്ചേരി ഹയാത്ത് ഹോട്ടല്‍ എന്നിവടങ്ങളില്‍ ചിത്രീകരിക്കാനായിരുന്നു ഉദ്ദേശിച്ചത്. ഒരു ദിവസം ബാംഗ്ലൂരിലും കൂടി എടുത്താൻ ആ പടം തീരും. ചെന്നൈയില്‍ പോയാല്‍ പച്ചക്കറി കച്ചവടക്കാര്‍ മുതല്‍ ഫൈഫ് സ്റ്റാര്‍ ഹോട്ടല്‍ വരെയുള്ള ബിസിനസ് ഉണ്ടാകില്ല എന്നും ഷിബു സുശീലൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കൊവിഡിന്റെ നിയന്ത്രണങ്ങള്‍ അനുസരിച്ച് കഴിഞ്ഞ തവണ സര്‍ക്കാര്‍ അനുമതി നല്‍കിയതുപോലെ മതി. ഇവിടെ തീരാമായിരുന്നു ഒരു സിനിമയുടെ ഭാഗം പോണ്ടിച്ചേരിയില്‍ പോയി ഷൂട്ട് ചെയ്‍തു. ഭ്രമം എന്ന സിനിമ രാജു പോണ്ടിച്ചേരിയില്‍ പോയി ഷൂട്ട് ചെയ്‍തിട്ടാണ് ഇങ്ങ് വന്നത്. അവിടെ നാല് പടം ഷൂട്ട് ചെയ്യുന്നുണ്ട്.  ചെറിയ ഇട്ടാവട്ടത്തില്‍ പോണ്ടിച്ചേരിയില്‍ നടക്കുന്നു. അവിടെ സര്‍ക്കാരിന്റെ അനുമതിയുണ്ട്. ഇവിടെ നമുക്ക് അനുമതി ഇല്ല. ബിവറേജസിന്റെ മുമ്പില്‍ ഇത്രയും പേര്‍ നില്‍ക്കുമ്പോള്‍ നമുക്ക് അനുമതിയില്ല. അനുമതി നല്‍കിയാല്‍ തൊഴിലാളികള്‍ കഞ്ഞി കുടിക്കും. എന്നോട് പൃഥ്വിരാജ് പറഞ്ഞതുകൊണ്ടുതന്നെയാണ്, തൊഴിലാളികളുടെ പണിയില്ലാതാകുമെന്നതുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍തുവെന്നേയൂള്ളൂ- ഷിബു 
ജി സുശീലൻ പറഞ്ഞു.

ബ്രോ ഡാഡിയുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്നാണ് സിനിമയുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായ സിദ്ധു പനക്കല്‍ ഏഷ്യാനെറ്റ് ന്യൂസ്‍ ഓണ്‍ലൈനിനോട് പ്രതികരിച്ചത്.  സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന്റെ മുറയ്‍ക്ക് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് നിലവില്‍ തീരുമാനിച്ചിരിക്കുന്നത് എന്നും സിദ്ധു പനയ്‍ക്കല്‍ പറഞ്ഞു.

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios