പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ഈ ചിത്രം മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

പൃഥ്വിരാജ് സുകുമാരനും ഷമ്മി തിലകനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'വിലായത്ത് ബുദ്ധ' രണ്ടാം വാരത്തിലേക്ക്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള വീഡിയോ പൃഥ്വിരാജ് പുറത്തുവിട്ടു. പ്രേക്ഷക പ്രശംസകളും തിയറ്റർ വിസിറ്റുമെല്ലാം ഉൾപ്പെടുന്നതാണ് വീഡിയോ. നവംബർ 21ന് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ജയൻ നമ്പ്യാർ ആണ്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞത്.

അതേസമയം, ശ്രദ്ധേയ എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരിൽ ജയൻ നമ്പ്യാർ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെ കഴിഞ്ഞദിവസം സൈബർ സെല്ലിൽ സിനിമയുടെ നിർമ്മാതാവ് സന്ദീപ് സേനൻ പരാതി നൽകിയിരുന്നു. സിനിമയ്ക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും ഷമ്മി തിലകൻ തന്‍റെ നിലപാട് അറിയിച്ചിരുന്നു. ചിത്രത്തിൽ അഭിനയിച്ച താനടക്കമുള്ള എല്ലാവരോടുമുള്ള ക്രൂരതയാണ് ചിത്രത്തിന് എതിരായ സൈബർ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ശ്രദ്ധേയ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്