കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേയെ തനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നുവെന്ന് പൃഥ്വിരാജ് സുകുമാരന്‍. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പൃഥ്വിരാജ് ഇക്കാര്യം സൂചിപ്പിച്ചത്. "സമാധാനമായി വിശ്രമിക്കൂ റിട്ട. വിംഗ് കമാന്‍ഡര്‍ സാഠെ. അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചിരുന്നു എനിക്ക്. നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ എന്നും ഓര്‍ത്തിരിക്കും സര്‍", പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

കരിപ്പൂര്‍ അപകടത്തിനു പിന്നാലെ ആദ്യമെത്തിയ മരണവാര്‍ത്ത വിമാനത്തിന്‍റെ ക്യാപ്റ്റനായ ദീപക് വസന്ത് സാഠേയുടേതായിരുന്നു. പൈലറ്റായി മുപ്പത് വര്‍ഷധിലധിക കാലത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റന്‍ സാഠേ. വിങ് കമാണ്ടർ ദീപക് വസന്ത് സാഠേ എന്നത് ഇന്ത്യൻ എയർഫോഴ്സ് വൃത്തങ്ങളിൽ ഏറെ ബഹുമാനത്തോടെ മാത്രം പരാമർശിക്കപ്പെടുന്ന ഒരു പേരാണ്. നാഷണൽ ഡിഫൻസ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്സിൽ പ്രസിഡന്‍റിന്‍റെ ഗോൾഡ് മെഡൽ നേടി, അതിനുശേഷം ഇന്ത്യൻ എയർ ഫോഴ്‌സിന്‍റെ 127th കോഴ്‌സിൽ സ്വോർഡ്‌ ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂർത്തിയാക്കിയാണ് 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ ദീപക് വസന്ത് സാഠേ കമ്മീഷൻ ചെയ്യപ്പെടുന്നത്. 

ALSO READ: ആരായിരുന്നു ദീപക് വസന്ത് സാഠേ?

അതേസമയം അപകടത്തില്‍ പെട്ട വിമാനം രണ്ടുതവണ നിലത്തിറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം. വന്ദേഭാരത് മിഷന്‍റെ ഭാഗമായി പ്രവര്‍ത്തിച്ച വിമാനത്തിന് 13 വര്‍ഷത്തെ പഴക്കമാണ് ഉണ്ടായിരുന്നത്. ദുബൈയില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിന് പുറപ്പെട്ട് കരിപ്പൂരില്‍ വൈകിട്ട് 7.27ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്നതാണ് വിമാനം. 7.38നാണ് അപകടം സംഭവിച്ചത്.