Asianet News MalayalamAsianet News Malayalam

'ഈ വ്യസനം കുടഞ്ഞുകളയാനാവുന്നില്ല'; രാജമലയിലും കരിപ്പൂരിലും മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് പൃഥ്വിരാജ്

മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമലയിലെ പെട്ടിമുടിയില്‍ നിന്ന് ഇനി കണ്ടെത്താനുള്ളത് എട്ട് കുട്ടികള്‍ അടക്കം 48 പേരെയാണ്. 15 പേരെ ഇന്നലെ രക്ഷപെടുത്താനായിരുന്നു.

prithviraj shares condolences for victims of rajamala and karipur tragedies
Author
Thiruvananthapuram, First Published Aug 8, 2020, 11:55 AM IST

കേരളത്തിന്‍റെ സമീപകാല ഓര്‍മ്മകളിലെ ദുരന്ത ദിനമായിരുന്നു ഇന്നലെ. കൊവിഡ് കണക്കുകള്‍ ദിനേന ആയിരത്തിനടുത്ത് നില്‍ക്കുന്ന കാലത്ത് പൊടുന്നനെയെത്തിയ കനത്ത മഴയില്‍ ഇടുക്കി രാജമലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന്‍റെ വാര്‍ത്തകള്‍ക്കൊപ്പമാണ് ഇന്നലത്തെ പകല്‍ കടന്നുപോയത്. രാത്രിയോടെ മറ്റൊരു ദുരന്തവാര്‍ത്തയുമെത്തി. കരിപ്പൂരിലെ വിമാനാപകടം. രാജമലയിലെ ഇതുവരെയുള്ള മരണസംഖ്യ പതിനേഴാണ്. കരിപ്പൂരിലേത് പതിനെട്ടും. സമൂഹമാധ്യമങ്ങളിലെ മലയാളികളുടെ ടൈംലൈനുകളിലെല്ലാം ഇന്നലെ മുതല്‍ ഈ രണ്ട് സംഭവങ്ങളുടെ നടുക്കം മാത്രമാണ്. ഇപ്പോഴിതാ രണ്ട് ദുരന്തങ്ങളിലും തനിക്ക് വ്യക്തിപരമായുള്ള വ്യസനം രേഖപ്പെടുത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.

നമ്മളില്‍ ഭാഗ്യമുള്ള പലരും വീടുകളില്‍ സുരക്ഷിതരായിരിക്കുമ്പോഴും ദുരന്തങ്ങള്‍ സൃഷ്ടിച്ച നടുക്കം കുടഞ്ഞുകളയാനാവുന്നില്ലെന്ന് പറയുന്നു പൃഥ്വിരാജ്. "കേരളത്തെ സംബന്ധിച്ച് ഏറെ ദു:ഖകരമായ ഒരു ദിവസമായിരുന്നു ഇത്. ലോകം (കൊവിഡില്‍ നിന്നും) പഴയപടിയിലാവുന്നതും കാത്ത് വീടിന്‍റെ സുരക്ഷിതത്വത്തില്‍ കഴിയുകയാണ് നമ്മില്‍ പലരും. എന്നാല്‍ അത്തരത്തില്‍ സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചിരുന്ന പലരും അവസാനിച്ചുപോയതിന്‍റെ വ്യസനം എനിക്ക് കുടഞ്ഞുകളയാനാവുന്നില്ല. ഇതിനെ മറികടന്ന് മുന്നോട്ടുപോകാനുള്ള കരുത്ത് നിങ്ങള്‍ക്ക് ലഭിക്കട്ടെ. രാജമലയിലും കോഴിക്കോട്ടും മരണപ്പെട്ടവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും അഗാധമായ വ്യസനം ഞാന്‍ രേഖപ്പെടുത്തുന്നു. പ്രാര്‍ഥനകള്‍", പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ രാജമലയിലെ പെട്ടിമുടിയില്‍ നിന്ന് ഇനി കണ്ടെത്താനുള്ളത് എട്ട് കുട്ടികള്‍ അടക്കം 48 പേരെയാണ്. 15 പേരെ ഇന്നലെ രക്ഷപെടുത്താനായിരുന്നു. അതേസമയം കരിപ്പൂര്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ട 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവിധ ആശുപത്രികളില്‍ നിന്നു ലഭിക്കുന്ന വിവരം. 

Follow Us:
Download App:
  • android
  • ios