Asianet News MalayalamAsianet News Malayalam

'അക്കാര്യം മോഹൻലാലുമായി എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു', ഒടിടി റിലീസിനെക്കുറിച്ചും പൃഥ്വിരാജ്

നടനായാലും സംവിധായകനായാലും ആഗ്രഹിക്കുന്നത് തിയറ്ററിലെ കയ്യടി തന്നെയാണ് എന്നും പൃഥ്വിരാജ്.

Prithviraj speaks about ott release of Malayalam film
Author
Kochi, First Published Sep 18, 2021, 1:06 PM IST

കേരളത്തില്‍ ഇപ്പോഴും എല്ലാ തിയറ്ററുകളും അടഞ്ഞുകിടക്കുകയാണ്. ആദ്യത്തെ കൊവിഡ് കാലത്ത് മലയാള സിനിമയുടെ ഭാവിയെ കുറിച്ചു മോഹൻലാലുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് പറയുന്നു. അക്കാലത്ത് സിനിമക്കാരും വിഷമാവസ്ഥയിലായിരുന്നു. സിനിമ വ്യവസായം പുനരാരംഭിക്കേണ്ട ഘട്ടം വന്നപ്പോഴാണ് ഒടിടിയിലേക്ക് എത്തിയത് എന്നും പൃഥ്വിരാജ് 96.7 എഎഫ്‍എമ്മില്‍ മിഥുൻ രമേശിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഒടിടി റിലീസ് ചെയ്യുന്ന മലയാള സിനിമകളെ കുറിച്ചും തിയറ്റര്‍ അനുഭവത്തെ കുറിച്ചും പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നു.  സിനിമ ആത്യന്തികമായിട്ട് തിയറ്ററുകളില്‍ കാണാനുള്ളത്. ഒരുപാട് പേര്‍ ഒരുമിച്ചിരുന്ന കാണേണ്ടതാണ്. ഞാൻ ഒരു ആറേഴ് മാസം ഷൂട്ട് ചെയ്യാതെ ഇരിക്കാൻ തീരുമാനിച്ചതാണ്. അടുത്തത് സംഭവിക്കുന്നത് എന്താണ് എന്ന് നോക്കാം എന്ന് കരുതി ഇരുന്ന ആളാണ്. പക്ഷേ സങ്കടകരമായ അവസ്ഥയായിരുന്നു അന്നത്തെ ലോക്ക് ഡൗണ്‍ കാലത്ത്. ഞാനും ലാലേട്ടനുമായൊക്കെ അന്ന് സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നു. മലയാള സിനിമ വ്യവസായത്തിന്റെ നെടുംതൂണായിരുന്നവരൊക്കെ നിര്‍ഭാഗ്യവശാല്‍ അന്ന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.  

അവര്‍ അല്ലാത്ത മറ്റ് വിഭാഗങ്ങളും സിനിമയുടെ ഭാഗമാണ്. അത് നമുക്ക് അറിയാഞ്ഞിട്ടല്ല. സിനിമ പുനരാരംഭിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ പറയുമ്പോള്‍ തന്നെ സിനിമകള്‍ ഒന്നിനുപുറകെ ഒന്നായി ഷൂട്ട് ചെയ്‍തിട്ട് കാര്യമില്ലല്ലോ. റിലീസ് ചെയ്യണമല്ലോ. അപ്പോള്‍ മലയാള ചിത്രങ്ങളുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ നമുക്ക് യാഥാര്‍ഥ്യം മനസിലായി. ഒടിടി മലയാളത്തിലും സംഭവിച്ചേതീരൂവെന്ന്. 

ഒടിടി ഒരു അനുഗ്രഹമായി. ഇൻഡസ്‍ട്രി വീണ്ടും തുടങ്ങി. ഒരുപാട് പേര്‍ക്ക് ജോലിയായി. പഴയ ഒരു ഗ്ലോറിയിലേക്ക് സിനിമ എത്തിയിട്ടില്ല എന്നേയുള്ളൂ. ഒരു സിനിമ ചെയ്‍തു കഴിയുമ്പോള്‍ നടനായാലും സംവിധായകനായാലും ആഗ്രഹിക്കുന്നത് തിയറ്ററിലെ കയ്യടി തന്നെയാണ് എന്നും പൃഥ്വിരാജ് പറയുന്നു.

Follow Us:
Download App:
  • android
  • ios