നേരത്തെ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
പാകിസ്ഥാനിലെ ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരകന്‍. "എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അര്‍ഹതയില്ലാത്ത ഒന്നാണ് തീവ്രവാദം. നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്. ജയ് ഹിന്ദ്", ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പൃഥ്വിരാജ് കുറിച്ചു. നേരത്തെ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലും സ്ഥിതി ചെയ്യുന്ന നിരോധിത ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂര്‍ എന്ന പേരില്‍ സൈനിക നീക്കം നടത്തിയത്. അതേസമയം ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സുരക്ഷാ കാര്യങ്ങളിലെ പ്രത്യേക യോഗവും മന്ത്രിസഭാ യോഗവുമാണ് ദില്ലിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ 11ന് ആരംഭിച്ചത്. യോഗം ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നിര്‍ണായക യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് മുമ്പായി പാകിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഇന്ത്യ ആക്രമണത്തിന്‍റെ വിവരം അറിയിച്ചു.
അതേസമയം പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് പിന്നാലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ കർത്താർപൂർ ഇടനാഴി അടച്ചു. സിഖ് തീർത്ഥാടന കേന്ദ്രമായ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇന്ത്യ-പാക്ക് ഇടനാഴിയാണ് താൽക്കാലികമായി അടച്ചത്. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് പൂട്ടിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.


