വിനായകന്‍റെ പേര് നിര്‍ദേശിച്ചത് മമ്മൂട്ടി

മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കളങ്കാവല്‍. നവാഗത സംവിധായകനായ ജിതിന്‍ കെ ജോസ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയും വിനായകനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഈ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. എന്നാല്‍ വിനായകന് മുന്‍പേ ചിത്രത്തില്‍ ആലോചിച്ചത് മറ്റൊരു പ്രധാന താരത്തെ ആയിരുന്നെന്ന് സംവിധായകന്‍ പറയുന്നു. വിനായകന് മാത്രമല്ല, മമ്മൂട്ടിക്കും മുന്‍പേ ചിത്രത്തിന്‍റെ ഭാഗമാക്കാന്‍ താന്‍ സമീപിച്ചത് ആ താരത്തെ ആയിരുന്നെന്ന് ജിതിന്‍ കെ ജോസ് പറയുന്നു. മൊസ്ക്വിറ്റോബാറ്റ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിതിന്‍.

ചിത്രത്തിന്‍റെ താരനിര്‍ണ്ണയത്തിന്‍റെ ഭാഗമായി താന്‍ ആദ്യം സമീപിച്ചത് പൃഥ്വിരാജിനെ ആയിരുന്നെന്നാണ് ജിതിന്‍ കെ ജോസ് പറയുന്നത്. “കളങ്കാവലിനായി ആദ്യം സമീപിച്ചത് പൃഥ്വിരാജിനെയാണ്. ഒന്ന് രണ്ട് ദിവസമെടുത്ത് ഫുള്‍ സ്ക്രിപ്റ്റ് ആയിട്ടാണ് കഥ പറഞ്ഞത്. പൃഥ്വിരാജിന് താല്‍പര്യമായിരുന്നു ഈ ചിത്രത്തില്‍. പൃഥ്വിരാജ് ആണ് മമ്മൂക്കയിലേക്ക് കൂടി പോയി നോക്കാനുള്ള സജക്ഷന്‍ പറയുന്നത്. ആന്‍റോ ജോസഫ് വഴി മമ്മൂക്കയിലേക്ക് എത്തി. മമ്മൂക്കയ്ക്ക് ഒരു താല്‍പര്യം വന്നപ്പോള്‍ ഇത് ഒരു മമ്മൂട്ടി പ്രോജക്റ്റ് എന്ന രീതിയിലേക്ക് മാറി. അന്ന് അദ്ദേഹം കമ്മിറ്റ് ചെയ്തിരുന്ന കുറച്ച് പ്രോജക്റ്റുകള്‍ കഴിഞ്ഞിട്ട് ഇത് ചെയ്യാം എന്ന ധാരണയിലേക്ക് എത്തി. കണ്ണൂര്‍ സ്ക്വാഡിനൊക്കെ മുന്‍പാണ് മമ്മൂക്കയോടെ കഥ അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രം ഒഫിഷ്യലി ലോഞ്ച് ആയത് കണ്ണൂര്‍ സ്ക്വാഡ് ഒക്കെ ഇറങ്ങിയിട്ടാണ്”, ജിതിന്‍ കെ ജോസ് പറയുന്നു.

“രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. അതില്‍ ഒന്ന് പൃഥ്വിക്ക് ചെയ്യണമെന്ന് താല്‍പര്യം ഉണ്ടായിരുന്നു. പക്ഷേ ഡേറ്റിന്‍റെ പ്രശ്നം വന്നു. അങ്ങനെ മറ്റ് പല ഓപ്ഷനുകളെക്കുറിച്ചും ആലോചിക്കുന്നതിനിടെ മമ്മൂക്ക തന്നെയാണ് വിനായകന്‍റെ കാര്യം പറഞ്ഞത്. വിനായകന്‍ മുന്‍പ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് ഇത്. അത് നല്ലൊരു തീരുമാനമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു”, ജിതിന്‍ കെ ജോസ് പറയുന്നു. സിനിമയുടെ ചിത്രീകരണത്തിന് 45- 50 ദിവസമാണ് വേണ്ടിവന്നതെന്നും സംവിധായകന്‍ പറയുന്നു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം ജില്ലയിലെ പ്രദേശങ്ങളായിരുന്നു ലൊക്കേഷനുകള്‍. തിരുവനന്തപുരത്തും നാഗര്‍കോവിലിലും കന്യാകുമാരിയിലുമൊക്കെ സിനിമ ചിത്രീകരിച്ചു.

Wayanad Landslide | Asianet News Live | Malayalam News Live | Kerala News Live | Live Breaking News