എമ്പുരാന്‍ ആണ് പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം
സൂര്യയെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം വരുന്നതായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ചില ട്രേഡ് അനലിസ്റ്റുകളും ഇത്തരത്തില്‍ ഒരു പ്രോജക്റ്റിനെക്കുറിച്ച് വിവരങ്ങള്‍ പങ്കുവച്ചിരുന്നു. ബിസ്കറ്റ് കിംഗ് എന്ന് അറിയപ്പെട്ട രാജന്‍ പിള്ളയുടെ ജീവിതം പറയുന്ന ചിത്രമാണ് ഇതെന്നും സൂര്യയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിവരം തെറ്റാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജുമായി അടുത്ത വൃത്തങ്ങള്‍.
സൂര്യയെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുമെന്ന് പറയപ്പെടുന്ന ബയോപിക് ശരിക്കും ഇല്ലെന്നും അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ എമ്പുരാനും ടൈസണുമാണെന്നും പൊഫാക്ഷ്യോ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മലയാളത്തിലെ ഏറ്റവും വലിയ വിജയമായ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാന്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ്. ചിത്രത്തെക്കുറിച്ച് കഴിഞ്ഞ ഡിസംബറില്‍ പൃഥ്വിരാജ് പറഞ്ഞത്..
എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്‍റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും. ഷൂട്ടിംഗ് എന്ന് ആരംഭിക്കും എന്ന് തീരുമാനം എടുക്കണമെങ്കില്‍ ആദ്യം അത് എവിടെയാണ് ചിത്രീകരിക്കേണ്ടത് എന്ന തീരുമാനം എടുക്കണം. നിലവില്‍ മൂന്ന് സംഘങ്ങള്‍ ചിത്രത്തിനു വേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ്. എവിടെയൊക്കെ ചിത്രീകരിക്കും എന്ന് തീരുമാനമായാലാണ് ഒരു ടൈംലൈന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. കാരണം കാലാവസ്ഥാപരമായി പല സ്ഥലങ്ങളിലും പല സമയങ്ങളാണ് ഷൂട്ടിംഗിന് അനുയോജ്യം ആവുക. ലൊക്കേഷന്‍ ഹണ്ടിംഗ് പൂര്‍ത്തിയായതിനു ശേഷം ഞാന്‍ ഒന്നു പോവണം സ്ഥലങ്ങള്‍ കാണാന്‍. എന്തായാലും 2023 പകുതിയോടെ ഇന്ത്യയിലെ, അല്ലെങ്കില്‍ കേരളത്തിലെ ചിത്രീകരണം തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം.
ALSO READ : ഡബിള്‍ റോളില്‍ ഞെട്ടിച്ച ജോജു; 'ഇരട്ട' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
