പുതിയ ചിത്രത്തെക്കുറിച്ചുള്ള സസ്‍പെന്‍സ് നിറച്ച പ്രഖ്യാപനവുമായി പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തിന്‍റെ പേരോ കൂടുതല്‍ വിവരങ്ങളോ പുറത്തുവിടാതെയാണ് ഇത്തരത്തില്‍ ഒരു പ്രോജക്ട് വരുന്നതായി പൃഥ്വി പ്രഖ്യാപിച്ചിരിക്കുന്നത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രമായിരിക്കുമെന്നാണ് സിനിമയെക്കുറിച്ചുള്ള വിശേഷണം. 

നവാഗതനായ ഗോകുല്‍രാജ് ഭാസ്‍കറിന്‍റേതാണ് രചനയും സംവിധാനവും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അനൗണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ ഉണ്ട്. നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. മാജിക് ഫ്രെയിംസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്‍ത '9', ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്‍ത ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളാണ് ഇതിനുമുന്‍പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിട്ടുള്ളത്. ഇരു ചിത്രങ്ങളിലും നായകനും പൃഥ്വിരാജ് ആയിരുന്നു. അതേസമയം ബ്ലെസ്സിയുടെ ആടുജീവിതമാണ് നിലവില്‍ പ്രൊഡക്ഷനിലുള്ള പൃഥ്വിരാജ് ചിത്രം. ഒരു ഷെഡ്യൂള്‍ കൂടി അവശേഷിക്കുന്ന ആടുജീവിതത്തിന് ജോര്‍ദ്ദാനിലും സഹാറ മുരഭൂമിയിലും ചിത്രീകരണം ബാക്കിയുണ്ട്. ബെന്യാമിന്‍റെ പ്രശസ്ത നോവലാണ് ബ്ലെസ്സി സിനിമയാക്കുന്നത്.