'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്ജും ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഒരു സര്‍പ്രൈസ് കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിലെ ഒരു പ്രധാന കാര്യത്തെക്കുറിച്ച് അണിയറക്കാര്‍ ആദ്യമായി പറയുന്നത്. ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നു എന്നതാണ് അത്!

അതിഥിതാരമായാണ് പൃഥ്വി എത്തുന്നതെങ്കിലും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം ഫിലിംസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ്  സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. സംഗീതം എം ജയചന്ദ്രന്‍, രഞ്ജിന്‍ രാജ്. ഛായാഗ്രഹണം തരുണ്‍ ഭാസ്കരന്‍. എഡിറ്റിംഗ് ലാല്‍ കൃഷ്ണന്‍. പശ്ചാത്തലസംഗീതം വില്യം ഫ്രാന്‍സിസ്. ചീഫ് അസോസിയേറ്റ്സ് സുഹൈല്‍ എം, വിനയന്‍.