Asianet News MalayalamAsianet News Malayalam

'ഒരുപാട് പദ്ധതികള്‍ നമ്മള്‍ തയ്യാറാക്കിയിരുന്നു, എന്നിട്ട് നിങ്ങള്‍ പോയി'; സച്ചിക്ക് പൃഥ്വിയുടെ വിട

'പറയാതെപോയ ഒരുപാട് കഥകള്‍, സാധിക്കാതെപോയ ഒരുപാട് സ്വപ്നങ്ങള്‍, വാട്‍സ്ആപ് വോയിസ് മെസേജുകള്‍ വഴിയുള്ള രാത്രി വൈകുവോളം നീണ്ട ഒരുപാട് കഥപറച്ചിലുകള്‍. ഒരുപാട് ഫോണ്‍കോളുകള്‍. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്കായി നമ്മള്‍ ബൃഹദ് പദ്ധതികള്‍ തന്നെ തയ്യാറാക്കിയിരുന്നു..'

prithviraj wrote a heartfelt condolence message for sachi
Author
Thiruvananthapuram, First Published Jun 19, 2020, 7:17 PM IST

പൃഥ്വിരാജും ബിജു മേനോനുമാണ് തനിക്ക് ഏറ്റവുമെളുപ്പത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്ന നടന്മാരെന്ന് സച്ചി പറഞ്ഞിട്ടുണ്ട്. സച്ചി എഴുതിയതും സംവിധാനം ചെയ്തതുമായ കഥാപാത്രങ്ങളെ കൂടുതല്‍ അവതരിപ്പിച്ചതും ഈ നടന്മാരാണ്. രണ്ടക്ഷരത്തിലാണ് സച്ചിയുടെ മരണവാര്‍ത്ത വന്നതിനു പിന്നാലെ പൃഥ്വി് സോഷ്യല്‍ മീഡിയയില്‍ തന്‍റെ സങ്കടം ഒതുക്കിയത്. ഇപ്പോഴിതാ പ്രിയ സഹപ്രവര്‍ത്തകനെ യാത്രയാക്കിയതിനു ശേഷം ഉണ്ടായിരുന്ന പ്രൊഫഷണലും അല്ലാതെയുള്ളതുമായ ബന്ധത്തെക്കുറിച്ച് മനസ് തുറക്കുകയാണ് പൃഥ്വി. സച്ചി ഉണ്ടായിരുന്നെങ്കില്‍ അടുത്ത 25 വര്‍ഷത്തെ മലയാള സിനിമയും തന്‍റെ അഭിനയജീവിതവും മറ്റൊന്നാവുമായിരുന്നേനെ എന്ന് പറയുന്നു പൃഥ്വി. 23 വര്‍ഷം മുന്‍പ് മറ്റൊരു ജൂണിലാണ്  മുന്‍പ് ഇത്രയും ദു:ഖം താന്‍ നേരിട്ടതെന്നും പറയുന്നു പൃഥ്വി. അച്ഛന്‍ സുകുമാരന്‍റെ മരണമാണ് പൃഥ്വി സൂചിപ്പിക്കുന്നത്.

സച്ചിക്ക് പൃഥ്വി എഴുതിയ ആദരാഞ്ജലി

സച്ചി.. ഒരുപാട് മെസേജുകള്‍ എനിക്കിന്ന് ലഭിച്ചു, കുറേ കോളുകളും അറ്റെന്‍ഡ് ചെയ്യേണ്ടിവന്നു. എങ്ങനെയാണ് ഞാന്‍ പിടിച്ചുനില്‍ക്കുന്നതെന്ന് ചോദിച്ച്, ആശ്വസിപ്പിക്കുന്നവ. എന്നെയും നിങ്ങളെയും അറിയാവുന്നവര്‍ക്ക് നമ്മളെ ശരിക്കും അറിയാമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അവരില്‍ പലരും പറഞ്ഞ ഒരു കാര്യത്തെ എനിക്ക് നിശബ്ദമായി നിഷേധിക്കേണ്ടിവന്നു. ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് നിങ്ങള്‍ പോയതെന്നായിരുന്നു അത്! നിങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും അറിയാവുന്ന ഒരാളെന്ന നിലയ്ക്ക്, അയ്യപ്പനും കോശിയും നിങ്ങളുടെ 'ഔന്നത്യ'മല്ലെന്ന് എനിക്ക് അറിയാമായിരുന്നു. നിങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്ന തുടക്കമായിരുന്നു ഇത്. ഈ ബിന്ദുവിലേക്ക് എത്താനുള്ള യാത്രയായിരുന്നു നിങ്ങളുടെ മുഴുവന്‍ ഫിലിമോഗ്രഫിയും, എനിക്കറിയാം.

prithviraj wrote a heartfelt condolence message for sachi

 

പറയാതെപോയ ഒരുപാട് കഥകള്‍, സാധിക്കാതെപോയ ഒരുപാട് സ്വപ്നങ്ങള്‍, വാട്‍സ്ആപ് വോയിസ് മെസേജുകള്‍ വഴിയുള്ള രാത്രി വൈകുവോളം നീണ്ട ഒരുപാട് കഥപറച്ചിലുകള്‍. ഒരുപാട് ഫോണ്‍കോളുകള്‍. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ക്കായി നമ്മള്‍ ബൃഹദ് പദ്ധതികള്‍ തന്നെ തയ്യാറാക്കിയിരുന്നു. നിങ്ങളും ഞാനും. എന്നിട്ട് നിങ്ങള്‍ പോയി. സ്വന്തം സിനിമാ സങ്കല്‍പത്തിനായി മറ്റാരിലെങ്കിലും നിങ്ങള്‍ വിശ്വാസം കണ്ടെത്തിയിരുന്നോ എന്നെനിക്ക് അറിയില്ല, വരും വര്‍ഷങ്ങളിലെ സ്വന്തം ഫിലിമോഗ്രഫിയെ എങ്ങനെയാണ് നിങ്ങള്‍ വിഭാവനം ചെയ്‍തിരുന്നതെന്നും. പക്ഷേ എന്നില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. നിങ്ങള്‍ ഇവിടെ തുടര്‍ന്നിരുന്നെങ്കില്‍ അടുത്ത 25 വര്‍ഷത്തെ മലയാളസിനിമയും എന്‍റെ ഇനിയുള്ള കരിയറും ഒരുപാട് വ്യത്യസ്തമായിരുന്നേനെ എന്നും എനിക്കറിയാം.

സിനിമയെ മറന്നേക്കാം. നിങ്ങള്‍ ഇവിടെ തുടരാനായി ആ സ്വപ്നങ്ങളൊക്കെയും ഞാന്‍ പണയം വച്ചേനെ. ആ വോയിസ് നോട്ടുകള്‍ ഇനിയും കിട്ടുന്നതിനായി, അടുത്തൊരു ഫോണ്‍ കോളിനുവേണ്ടി. നമ്മള്‍ ഒരുപോലെയാണെന്ന് നിങ്ങള്‍ പറയാറുണ്ടായിരുന്നു. അതെ, അങ്ങനെ ആയിരുന്നു. പക്ഷേ ഇപ്പോള്‍.. എന്‍റെ മാനസികാവസ്ഥയില്‍ ആയിരിക്കില്ല നിങ്ങളെന്ന് ഞാന്‍ കരുതുന്നു. കാരണം, 23 വര്‍ഷം മുന്‍പ് മറ്റൊരു ജൂണിലാണ് ഇത്രയും ആഴത്തിലുള്ള ദു:ഖം ഇതിനുമുന്‍പ് എന്നെ തേടിവന്നത്. നിങ്ങളെ അറിയാം എന്നത് ഒരു ഭാഗ്യമായിരുന്നു സച്ചീ. എന്‍റെ ഒരു ഭാഗം നിങ്ങളോടൊപ്പം ഇന്ന് യാത്രയായി. ഇപ്പോള്‍ മുതല്‍ നിങ്ങളെ ഓര്‍മ്മിക്കുക എന്നത് എന്‍റെ നഷ്ടമായ ആ ഭാഗത്തെക്കുറിച്ചുകൂടിയുള്ള ഓര്‍മ്മിക്കലാവും. വിശ്രമിക്കുക സഹോദരാ. വിശ്രമിക്കുക പ്രതിഭേ. മറ്റൊരു വശത്ത് കാണാം. ആ കന്നഡ സിനിമാക്കഥയുടെ ക്ലൈമാക്സ് നിങ്ങള്‍ ഇനിയും എന്നോട് പറഞ്ഞിരുന്നില്ല.

Follow Us:
Download App:
  • android
  • ios