ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലെത്തിയ പൃഥ്വിരാജും ബ്ലെസിയും സംഘവും കൊവിഡിന്‍റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണിനെത്തുടര്‍ന്ന് അവിടെ കുടുങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. ജോര്‍ദ്ദാനിലെ വാദിറം മരുഭൂമിയില്‍ നടന്നിരുന്ന ചിത്രീകരണം നിലവിലെ സാഹചര്യത്തില്‍ തുടരാനാവില്ലെന്ന് അവിടുത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍ ചിത്രീകരണസംഘത്തെ അറിയിക്കുകയായിരുന്നു. എന്നാല്‍ അവര്‍ക്ക് ഭക്ഷണത്തിനോ താമസത്തിനോ വിസ സംബന്ധമായ കാര്യങ്ങളിലോ ബുദ്ധിമുട്ട് ഉണ്ടാവാതെയിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പിന്നാലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ വിഷു ദിനത്തില്‍ ജോര്‍ദ്ദാനില്‍ നിന്ന് തന്‍റെ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

കഴിഞ്ഞ വിഷുവിന് ഭാര്യ സുപ്രിയയുമൊത്ത് സദ്യ കഴിക്കുന്നതിന്‍റെ ചിത്രമാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. "വേണ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ഇതേ ദിവസം നല്ല സദ്യ കഴിച്ചു. മറ്റ് പലരുടേതും പോലെ ഞങ്ങളുടെ കുടുംബവും ഈ വിഷുക്കാലത്ത് കൊറോണ വൈറസ് മൂലമുള്ള ലോക്ക് ഡൗണ്‍ കാരണം ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം അകന്നു കഴിയുകയാണ്. എന്നിരുന്നാലും, നമുക്കെല്ലാവര്‍ക്കും നമ്മുടെ പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാനാവട്ടെയെന്ന് നമ്മള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. വിഷു ആശംസകള്‍", കഴിഞ്ഞ വര്‍ഷത്തെ വിഷു ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ചു.

മണിക്കൂറുകള്‍ക്കു മുന്‍പ് ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍ത ചിത്രവും കുറിപ്പുമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. വിഷു ആശംസകള്‍ നേര്‍ന്നിരിക്കുന്ന സുപ്രിയ 'താടിക്കാരനെ' മിസ് ചെയ്യുന്നുവെന്നും പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും ഒപ്പം കുറിച്ചിട്ടുണ്ട്.