നവാഗതനായ ദീപക് ഡിയോൺ സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്ദ്രൻസിനൊപ്പം പ്രധാന വേഷത്തിലാണ് മീനാക്ഷി എത്തുന്നത്
താന്‍ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച സിനിമയ്ക്ക് അണിയറക്കാര്‍ ആവശ്യമായ പ്രൊമോഷന്‍ നല്‍കിയില്ലെന്ന പരാതിയുമായി നടി മീനാക്ഷി. നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പ്രൈവറ്റ് എന്ന ചിത്രത്തെക്കുറിച്ചാണ് മീനാക്ഷി പരാതി ഉന്നയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇന്ദ്രന്‍സിനും അന്നു ആന്‍റണിക്കുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിച്ചിരിക്കുന്നത്. പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്ന ചിത്രമാണിത്. എന്നാല്‍ റിലീസിന് മുന്നോടിയായി യാതൊരുവിധ പ്രൊമോഷണല്‍ പരിപാടികളും നിര്‍മ്മാതാക്കള്‍ നടത്തിയിട്ടില്ലെന്നാണ് മീനാക്ഷിയുടെ പരാതി. സോഷ്യല്‍ മീഡിയയിലൂടെയാണ് മീനാക്ഷിയുടെ പ്രതികരണം.
“സിനിമ എന്തെന്നും എങ്ങനെയെടുക്കണമെന്നും അറിയാം. അതി മനോഹരമായ ഒന്ന്. പക്ഷെ എടുത്തവർക്ക് സംഗതി എങ്ങനെ പ്രമോട്ട് ചെയ്യണമന്നറിയില്ല”, എന്നാണ് ചിത്രത്തിന്‍റെ പോസ്റ്ററിനൊപ്പം മീനാക്ഷി ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെയുള്ള ചില കമന്‍റുകള്‍ക്കും മീനാക്ഷി മറുപടി പറഞ്ഞിട്ടുണ്ട്. ‘പ്രമോഷൻ ഇല്ലങ്കിലും സിനിമ നല്ലതാണെങ്കിൽ ഓടും’ എന്ന കമന്‍റിന് “ഇങ്ങനെ ഒരു സിനിമ ഇറങ്ങുന്നുണ്ട് എന്നെങ്കിലും ഒന്നറിയിക്കാനുള്ള വഴി നോക്കേണ്ടേ” എന്നാണ് മീനാക്ഷിയുടെ പ്രതികരണം. അതേസമയം ലിമിറ്റഡ് റിലീസ് ആണ് ചിത്രത്തിന്. സ്ക്രീന്‍ കൗണ്ട് കുറവാണ്.
'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം, സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീർ നിർമ്മിച്ചിരിക്കുന്നു. ഓഗസ്റ്റ് 1 ആയിരുന്നു ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതി. പിന്നീട് ഇന്നത്തേക്ക് റിലീസ് നീട്ടുകയായിരുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ തജു സജീദ്, എഡിറ്റർ ജയകൃഷ്ണൻ, വസ്ത്രാലങ്കാരം സരിത സുഗീത്, മേക്കപ്പ് ജയൻ പൂങ്കുളം, ആർട്ട് മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ സുരേഷ് ഭാസ്കർ, സൗണ്ട് ഡിസൈൻ അജയൻ അടാട്ട്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, സ്റ്റിൽസ് അജി കൊളോണിയ.



