ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ 'മാണിക്ക്യ മലരായ പൂവി' എന്ന ​ഗാനത്തിലൂടെയാണ് പ്രിയ ലോകശ്രദ്ധ നേടിയത്. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഒരു  അഡാര്‍ ലവ് എങ്കിലും ചിത്രം വേണ്ടത്ര വിജയിച്ചില്ല.

ചിത്രം പ്രദർശനത്തിന് എത്തിയതിനുശേഷം സംവിധായകൻ ഒമർ ലുലുവും നടി നൂറിൽ ഷെറിഫും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരുന്നു. അഡാര്‍ ലവിന്റെ ചിത്രീകരണത്തിനിടയിലും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് ഇരുവരും സംസാരിച്ചത്. പ്രിയ വാര്യരെക്കുറിച്ച് ചോദിച്ചപ്പോള്‍ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു നൂറിന്‍. തനിക്ക് അത്ര അടുപ്പമില്ലെന്നും കാര്യങ്ങള്‍ അറിയില്ലെന്നുമായിരുന്നു നൂറിന്‍ പറഞ്ഞത്. 

ഒരു ചാറ്റ് ഷോയിൽ പ്രിയ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ കാണിച്ചപ്പോള്‍ വികാരഭരിതനാകുകയായിരുന്നു ഒമർ. പ്രിയ ആളാകെ മാറിപ്പോയെന്നും പറഞ്ഞ പല കാര്യങ്ങളും അറംപറ്റിയെന്നും ഒമർ പ്രതികരിച്ചു. ഒമറിന്റെയും നൂറിന്റെയും വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നതിനിടയിലാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി പ്രിയ വാര്യർ എത്തിയത്. 

താൻ സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്നാണ് പ്രിയ പറഞ്ഞത്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ മുന്നറിയിപ്പ്.

'സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്നു മാത്രം. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം ഒട്ടും ദൂരെയല്ല'- പ്രിയ കുറിച്ചു. ഒരു അഡാര്‍ ലവിനെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ വാക്കുകള്‍.

പ്ലസ്ടു വിദ്യാർഥികളുടെ പ്രണയവും സൗഹൃദവും ആണ് ഒരു അഡാർ ലവിന്റെ ഇതിവൃത്തം. പൂര്‍ണമായും പുതുമുഖങ്ങളെ വച്ച് നിർമിച്ച ചിത്രത്തിൽ പ്രിയ വാര്യർ, റോഷൻ, നൂറിൽ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ലോകത്താകമാനം 2000 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. തമിഴിലും തെലുങ്കിലും 'ലവേഴ്സ് ഡേ' എന്ന പേരിലും കന്നഡയിൽ 'കിറിക് ലവ് സ്റ്റോറി' എന്ന പേരിലുമാണ് അഡാർ ലവിന്റെ മൊഴിമാറ്റപതിപ്പുകൾ എത്തുന്നത്. 

അഡാർ ലവ് റിലീസിനെത്തും മുമ്പ് പ്രിയ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡിലേക്ക് ചുവട് വയക്കുന്നത്. 70 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

എന്നാൽ ചിത്രം റിലീസിനെത്തും മുമ്പ് തന്നെ വിവാദമായിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 'ശ്രീദേവി ബംഗ്ലാവി'നെതിരേ വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ചിത്രത്തിന്റെ സംവിധായകനുള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചത്. 

അതേസമയം വിവാ​ദത്തിനെതിരെ പ്രതികരിച്ച് പ്രിയ വാര്യർ രം​ഗത്തെത്തി. 'ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് ശ്രീദേവി. വിവാദങ്ങൾ സൃഷ്ടിക്കാൻ ആരും ആഗ്രഹിക്കാറില്ല. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ പ്രേക്ഷകർ ആകാംക്ഷയിലാണ്. അത് നല്ല കാര്യമാണ്. ചിത്രം ശ്രീദേവിയെ  കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും പ്രിയ വാര്യര്‍ പറഞ്ഞു.