ഒരിടവേളയ്‍ക്ക് ശേഷം, നവ്യാ നായര്‍ മലയാളത്തില്‍ നായികയായി തിരിച്ചെത്തുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ നായികയായി തിരിച്ചെത്തുന്നത്. സിനിമയില്‍ സജീവമല്ലാത്തപ്പോഴും നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നടി പ്രിയാ വാര്യര്‍ക്കൊപ്പമുള്ള നവ്യാ നായരുടെ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച. ഒരുത്തീയുടെ സെറ്റില്‍ പ്രിയാ വാര്യര്‍ എത്തിയെന്ന് പറഞ്ഞ് നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

സ്‍ത്രീകേന്ദ്രീകൃതമായ പ്രമേയമാണ് ഒരുത്തീ എന്ന സിനിമയ്‍ക്ക്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് സുരേഷ് ബാബുവാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തില്‍ പ്രിയാ വാര്യര്‍ അഭിനയിക്കുന്നുണ്ടോയെന്നാണ് നവ്യാ നായര്‍ ഷെയര്‍ ചെയ്‍ത ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.