സോഷ്യല്‍ മീഡിയയില്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന ബഹിഷ്കരണാഹ്വാനങ്ങള്‍ക്കിടെയാണ് ചിത്രത്തിന്‍റെ റിലീസ്
ബോളിവുഡ് ഏറെക്കാലമായി ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ആമിര്‍ ഖാന്‍ നായകനാവുന്ന ലാല്‍ സിംഗ് ഛദ്ദ. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ആമിര്‍ ഖാന്‍ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ചിത്രം നാളെ തിയറ്ററുകളിലെത്താനിരിക്കെ പ്രിവ്യൂ കണ്ട പ്രമുഖരുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് വീഡിയോ രൂപത്തില്‍ പ്രമുഖരുടെ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ചിത്രം കണ്ട ഒരാള്‍ സംവിധായകന്‍ പ്രിയദര്‍ശനാണ്. ചിത്രത്തെയും ആമിര്‍ ഖാനെയും പ്രശംസിക്കുകയാണ് പ്രിയന്‍.
ആമിര്‍ ഖാന്‍ സിനിമകളല്ല ഉണ്ടാക്കാറ്. മറിച്ച് ശ്രമങ്ങളാണ്. അദ്ദേഹത്തിന്‍റെ അത്തരം പരിശ്രമങ്ങളൊക്കെ എല്ലായ്പ്പോഴും നമ്മെ ആകര്‍ഷിക്കാറുണ്ട്. ഈ ചിത്രവും എനിക്ക് അങ്ങനെയാണ് തോന്നിയത്. എനിക്ക് ശരിക്കും ഈ ചിത്രം ഇഷ്ടപ്പെട്ടു, പ്രിയദര്‍ശന്‍ പറയുന്നു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന ബഹിഷ്കരണാഹ്വാനങ്ങള്‍ക്കിടെയാണ് ചിത്രത്തിന്‍റെ റിലീസ്. താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെക്കുറിച്ച് ആമിര്‍ പ്രതികരിച്ചിരുന്നു. എന്‍റെ ഏതെങ്കിലും പ്രവര്‍ത്തി കൊണ്ട് ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കതില്‍ ദു:ഖമുണ്ട്. എനിക്ക് ആരെയും വേദനിപ്പിക്കണമെന്നില്ല. ആര്‍ക്കെങ്കിലും എന്‍റെ ചിത്രം കാണണമെന്നില്ലെങ്കില്‍, ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ കൂടുതല്‍ പേര്‍ ചിത്രം കാണണമെന്നാണ് എനിക്ക്. ഞങ്ങളുടെ കഠിനാധ്വാനമാണ് ഈ ചിത്രം. സിനിമാ നിര്‍മ്മാണം ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. ഒരുപാട് മനുഷ്യരാണ് ഒരു ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ഞാന്‍ മാത്രമല്ല.
ALSO READ : തെലുങ്ക് ബോക്സ് ഓഫീസില്‍ ദുല്‍ഖര്‍ തരംഗം; 'സീതാ രാമം' ഇതുവരെ നേടിയത്
വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളായി ഞാന്‍ ഉറങ്ങിയിട്ടില്ല. തമാശ പറഞ്ഞതല്ല. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. പല ചിന്തകളാണ് മനസിലൂടെ കടന്നുപോകുന്നത്. അതിനാല്‍ ഞാന്‍ പുസ്തകം വായിക്കുകയോ ഓണ്‍ലൈനില്‍ ചെസ് കളിക്കുകയോ ചെയ്യുന്നു. ഓഗസ്റ്റ് 11നു ശേഷം മാത്രമാണ് എനിക്ക് ഉറങ്ങാന്‍ ആവുക", ആമിര്‍ പറഞ്ഞു.
