കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്‍റെ ആമസോണ്‍ പ്രൈം റിലീസ്

ബിഗ് കാന്‍വാസില്‍ ഒരുക്കിയ കാലാപാനിയും മരക്കാരുമൊക്കെ (Marakkar) തന്‍റെയും മോഹന്‍ലാലിന്‍റെയും (Mohanlal) പരീക്ഷണങ്ങളായാണ് നോക്കിക്കാണുന്നതെന്ന് പ്രിയദര്‍ശന്‍ (Priyadarshan). ഡിസംബര്‍ 2ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി പ്രീമിയര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്നലെ ആയിരുന്നു. ഇതിനോടനുബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറയുന്നത്. മരക്കാറിനായി മോഹന്‍ലാല്‍ വലിയ റിസ്‍ക് ആണ് എടുത്തതെന്നും പ്രിയദര്‍ശന്‍ പറയുന്നു.

"വലിയ കാന്‍വാസില്‍ ഒരു ചിത്രമൊരുക്കുമ്പോള്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റാരെയും എനിക്ക് സങ്കല്‍പ്പിക്കാനാവില്ല. ഒരു നടന്‍, സംവിധായകന്‍ എന്നതിനപ്പുറം അത് ഞങ്ങളുടെ സൗഹൃദമാണ്. ഈ ചിത്രം ഒരുക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. താരതമ്യേന ഒരു ചെറിയ ഇന്‍ഡസ്ട്രിയാണ് മലയാളം എന്നതിനാല്‍, ഈ വലിപ്പത്തിലുള്ള ഒരു ചിത്രം ഒരുക്കുക എന്നത് എളുപ്പമായിരുന്നില്ല. അധികമാരും സഞ്ചരിക്കാത്ത വഴിയാണ് അത്. ഡിജിറ്റല്‍ ബൂമിനും സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്കും നന്ദി. എന്നിരിക്കിലും ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പരിമിതികള്‍ ഉണ്ടായിരുന്നു. പക്ഷേ ഈ ചിത്രം പരീക്ഷിക്കുന്നതിലൂടെ മോഹന്‍ലാല്‍ വലിയൊരു റിസ്‍ക് ആണ് എടുത്തത്. കൃത്യം 25 വര്‍ഷം മുന്‍പാണ് ഞങ്ങള്‍ കാലാപാനി പരീക്ഷിച്ചത്. ഇപ്പോള്‍ മരക്കാറും. ഇവയെല്ലാം ഞങ്ങളുടെ ശ്രമങ്ങളായാണ് നോക്കിക്കാണുന്നത്", പ്രിയദര്‍ശന്‍ പറയുന്നു.

മരക്കാറില്‍ പല ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ക്കടക്കം സ്ക്രീന്‍ സ്പേസ് കൊടുത്തതിലെ വെല്ലുവിളിയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രിയദര്‍ശന്‍റെ പ്രതികരണം ഇങ്ങനെ- "അവരെ സ്വാഭാവികമായി ക്യാമറയില്‍ പകര്‍ത്തുകയും അടയാളപ്പെടുത്താനുള്ള ഇടം കൊടുക്കുകയുമാണ് ഞാന്‍ ചെയ്‍തത്. അത് 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ നിന്ന് ഞാന്‍ സ്വായത്തമാക്കിയതാണ്. ഒരു തിരക്കഥ ഞാന്‍ കാണുമ്പോള്‍ ഇതില്‍ ഏത് ഭാഗമാണ് പ്രേക്ഷകര്‍ക്ക് വിവരങ്ങള്‍ കൊടുക്കുന്നതെന്നും ഏതൊക്കെ സംഭാഷണങ്ങളാണ് പ്രധാനപ്പെട്ടതെന്നും ഏതൊക്കെ വൈകാരിക രംഗങ്ങളാണ് സൂക്ഷ്‍മതയോടെ സമീപിക്കേണ്ടത് എന്നതൊക്കെ ഞാന്‍ ശ്രദ്ധിക്കും. സിനിമ നിര്‍മ്മിക്കുമ്പോള്‍ ഒരു കൊറിയോഗ്രഫി പോലെയാണ് ഇതൊക്കെ", പ്രിയദര്‍ശന്‍ പറയുന്നു.