Asianet News MalayalamAsianet News Malayalam

'വിയോജിപ്പുള്ളപ്പോള്‍ ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്'; പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രിയദര്‍ശന്‍

"വിയോജിക്കുന്നതിനും നമുക്ക്‌ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുന്നത് ആരായാലും അതിനെ അംഗീകരിക്കാൻ വയ്യ"

priyadarshan against cyber attack against prithviraj in lakshadweep issue
Author
Thiruvananthapuram, First Published May 27, 2021, 9:28 PM IST

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും വ്യക്തിഹത്യയിലും എതിര്‍പ്പ് അറിയിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവരെയുംപോലെ പൃഥ്വിരാജിനും ഉണ്ടെന്നും സഭ്യമല്ലാത്ത രീതിയില്‍ അഥിനോട് പ്രതികരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയദര്‍ശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്‍റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ നടൻ പൃഥ്വിരാജ്  പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ  ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക്‌ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാൻ വയ്യ. സഭ്യത എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.

പൃഥ്വിരാജിന് എതിരായ സൈബര്‍ ആക്രമണത്തില്‍ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാമേഖലയിലെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഡിവൈഎഫ്ഐയുടെ പിന്തുണ സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചിരുന്നു. രമേശ് ചെന്നിത്തല എംഎല്‍എയും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios