കൊവിഡ് രണ്ടാം തരംഗം സൃഷ്‍ടിച്ച അനിശ്ചിതത്വത്തിന്‍റെ പശ്ചാത്തലത്തില്‍ ഡയറക്റ്റ് ഒടിടി റിലീസിനെക്കുറിച്ച് ആലോചിക്കാന്‍ വീണ്ടും നിര്‍ബന്ധിതരായിരിക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍. രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ എന്ന് തുറക്കുമെന്ന് പ്രവചിക്കാനാവാത്ത സാഹചര്യത്തില്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. വരും മാസങ്ങളില്‍ തിയറ്ററുകള്‍ തുറന്നാലും 100 ശതമാനം പ്രവേശനവും സെക്കന്‍ഡ് ഷോയുമൊക്കെ അനുവദിക്കാതെ അത്തരം ചിത്രങ്ങള്‍ റിലീസ് ചെയ്‍താലും നിര്‍മ്മാതാക്കള്‍ക്ക് മുതലാവില്ല. തന്‍റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ മാലിക്, കോള്‍ഡ് കേസ് എന്നീ ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആന്‍റോ ജോസഫ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു ചിത്രത്തിന്‍റെ ഒടിടി റിലീസ് സാധ്യതകള്‍ എത്രയെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. മറ്റൊന്നുമല്ല, മലയാളത്തിലെ ഇതുവരെയുള്ളതില്‍ ഏറ്റവും മുടക്കുമുതലുള്ള ചിത്രമായ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുമോയെന്ന സംശയമാണ് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളിലും മറ്റും ആരാധകര്‍ പങ്കുവച്ചത്. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.

മരക്കാര്‍ പോലെ ഒരു ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്നു പ്രിയദര്‍ശന്‍. അതിനുള്ള കാരണവും വ്യക്തമാക്കുന്നു അദ്ദേഹം. "ഒരു ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍. ബിഗ് സ്ക്രീനില്‍ തന്നെ ആസ്വദിക്കപ്പെടേണ്ട ചിത്രം. ഇനിയൊരു ആറ് മാസം കൂടി കാത്തിരിക്കേണ്ടിവന്നാലും തിയറ്റര്‍ റിലീസ് തന്നെയായിരിക്കും മരക്കാര്‍. മരക്കാര്‍ പോലെ ഒരു വലിയ ചിത്രം ഡിജിറ്റലില്‍ എത്തുംമുന്‍പ് തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ് ഞാനും മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും", സിഫി ഡോട്ട് കോമിനോട് പ്രിയദര്‍ശന്‍ പ്രതികരിച്ചു.

 

ഡയറക്റ്റ് ഒടിടി റിലീസിനു തയ്യാറായാല്‍ തന്നെ 150 കോടി രൂപ നല്‍കി ഏത് പ്ലാറ്റ്ഫോം ആണ് ചിത്രം വാങ്ങുകയെന്നും പ്രിയന്‍ ചോദിക്കുന്നു. "നിര്‍മ്മാണത്തിനും അഞ്ച് ഭാഷകളില്‍ ലോകമാകെ 5000 സ്ക്രീനുകളില്‍ എത്തിക്കാനുമുള്ള ചിലവ് അത്രയുമാണ്. മാസ് ഓഡിയന്‍സിന് തിയറ്ററില്‍ എക്സ്പീരിയന്‍സ് ചെയ്യാനുള്ള ചിത്രമായാണ് മരക്കാര്‍ ഒരുക്കിയിരിക്കുന്നത്. മികച്ച ചിത്രത്തിനടക്കമുള്ള മൂന്ന് ദേശീയ പുരസ്‍കാരങ്ങളും മൂന്ന് സംസ്ഥാന പുരസ്‍കാരങ്ങളും ലഭിച്ച ചിത്രവുമാണ് ഇത്. ഒരു തിയറ്റര്‍ റിലീസ് കൂടിയേ തീരൂ എന്ന് തീരുമാനിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്ന ഘടകങ്ങളാണ് ഇവയൊക്കെ", പ്രിയദര്‍ശന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു മരക്കാര്‍. കൊവിഡ് സാഹചര്യത്തില്‍ മറ്റു ചിത്രങ്ങളെപ്പോലെ റിലീസ് നീണ്ടു. ഈ വര്‍ഷം മാര്‍ച്ച് 26, മെയ് 13, ഓഗസ്റ്റ് 12 എന്നീ തീയതികളും പിന്നീട് പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാംതരംഗം നീളുന്ന സാഹചര്യത്തില്‍ ഓഗസ്റ്റിലും ചിത്രം റിലീസ് ചെയ്യപ്പെടാന്‍ സാധ്യത കുറവാണ്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.