പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു കൊവിഡ് വന്നതും റിലീസ് മുടങ്ങിയതും. ഇപ്പോഴിതാ സിനിമയുടെ റിലീസ് വൈകുന്നതില്‍ വിഷമമില്ലെന്ന് പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മുംബൈ മിററിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

ചിത്രത്തിന് മികച്ച ഹൈപ്പ് ഇതിനകം ലഭിച്ചിട്ടുണ്ടെന്നും എപ്പോള്‍ റിലീസ് ചെയ്താലും ആളുകൂടുമെന്നും പ്രിയദര്‍ശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എന്റെ സ്വപ്‌ന സിനിമയാണത്. 16ാം നൂറ്റാണ്ടിനെ അതേപോലെ പുനരാവിഷ്‌കരിക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളി. നൂറുകോടി ചെലവിലാണ് ചിത്രം. എന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കാണത്. സിനിമയുടെ പകുതിയും നാവിക യുദ്ധമാണ്. കടലാണ് പശ്ചാത്തലമായുള്ളത്. ചിത്രത്തിന്റെ റിസള്‍ട്ടില്‍ ഞാന്‍ സന്തോഷവാനാണ് '- പ്രിയദര്‍ശന്‍ പറഞ്ഞു.

'റിലീസിന് അഞ്ച് ദിവസം കൂടിയുള്ളപ്പോളാണ് ലോക്ഡൗണ്‍ വരുന്നത്. അന്ന് പുറത്തിറങ്ങിയിരുന്നെങ്കില്‍ നിര്‍മാതാവ് റോഡിലിറങ്ങേണ്ടി വരുമായിരുന്നു. എനിക്ക് റിലീസ് വൈകുന്നതില്‍ പ്രശ്‌നമില്ല. കാരണം ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് മരയ്ക്കാര്‍ കാത്തിരിക്കുന്നത്. അതിനാല്‍ എപ്പോൾ റിലീസ് ചെയ്താലും പ്രേക്ഷകരെത്തുമെന്ന് ഉറപ്പുണ്ട്.’ എന്നും പ്രിയദർശൻ വ്യക്തമാക്കി. 

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്കാണ് നേരത്തെ വിറ്റുപോയിരുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.