മോഹന്‍ലാലിനൊപ്പം സിനിമാജീവിതത്തിലെ വളര്‍ച്ചയുടെ പടവുകള്‍ കയറിയ സംവിധായകനാണ് പ്രിയദര്‍ശന്‍. 1984ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കൂത്തി മുതല്‍ പുറത്തിറങ്ങാനുള്ള മരക്കാര്‍ വരെ നീളുന്ന ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ മോഹന്‍ലാല്‍ താരമായി വളര്‍ന്നുവരാന്‍ താനടക്കമുള്ള സുഹൃത്തുക്കളായ സംവിധായകര്‍ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നു പറയുകയാണ് പ്രിയദര്‍ശന്‍. മനോരമയ്ക്കുവേണ്ടി സത്യന്‍ അന്തിക്കാടുമായി നടത്തിയ സംഭാഷണത്തിലാണ് പ്രിയന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

"അവനായിരുന്നു (മോഹന്‍ലാല്‍) നമ്മളുടെ ഏക പ്രതീക്ഷ. അന്നു ലാല്‍ വില്ലന്‍ വേഷം മാത്രമായി നടക്കുന്ന കാലമാണ്. ആഴ്ചയില്‍ നാലു ദിവസവും മമ്മൂട്ടിയോട് ഇടി മേടിക്കും", പ്രിയദര്‍ശന്‍ തുടരുന്നു. "പലര്‍ക്കും വേണ്ടി എഴുതി ചെന്നൈയില്‍ ലാലിന്‍റെ സഹായത്താല്‍ ജീവിച്ചൊരു കാലമുണ്ടായിരുന്നു. അന്ന് ലാല്‍ എല്ലാ സിനിമയിലും വില്ലനാണ്. എല്ലായിടത്തും കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തും. ഒരിടത്തും രക്ഷപെട്ടില്ല. അങ്ങനെ അവന്‍ തന്നെ പറഞ്ഞു- നിന്‍റെ മനസിലുള്ള സിനിമ ഇവിടെയില്ല. നാട്ടിലേക്കു തിരിച്ചുപോയി ആഘോഷിക്ക്. ലാല്‍ തന്നെയാണ് എന്നെ വണ്ടി കയറ്റിയത്. നാട്ടിലെത്തി എഴുതിയ സിനിമയാണ് എങ്ങനെ നീ മറക്കും. ലാലിനോടു പറഞ്ഞു, നിന്‍റെ ഡേറ്റ് കിട്ടിയാല്‍ എനിക്കൊരു സിനിമയായി എന്ന്. അന്നു നല്‍കിയ ഡേറ്റില്‍ കിട്ടിയ ഹിറ്റാണ് പ്രിയദര്‍ശനെ ഇവിടെവരെ എത്തിച്ചത്", പ്രിയദര്‍ശന്‍ പറയുന്നു. 

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്‍റെ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ലോക്ക് ഡൗണിനെത്തുടര്‍ന്ന് റിലീസ് നീട്ടിവച്ചിരിക്കുകയാണ്. മാര്‍ച്ച് 26ന് മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ റിലീസ് ഉറപ്പിച്ചിരുന്ന ചിത്രമാണ് നിലവിലെ സാഹചര്യത്തില്‍ അനിശ്ചിതമായി മാറ്റിവെക്കേണ്ടിവന്നിരിക്കുന്നത്. ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് നേരത്തെ വിറ്റുപോയിരുന്നു.