മലയാളത്തില്‍ 2020ലെ ഏറ്റവും പ്രധാന റിലീസുകളിലൊന്നാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26ന് ആണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. മനസില്‍ ഏറെക്കാലമായുണ്ടായിരുന്ന പ്രോജക്ടില്‍ മോഹന്‍ലാല്‍ നായകനായതില്‍ ടൈറ്റില്‍ കഥാപാത്രത്തിന്റെ പ്രായവും ഒരു ഘടകമായിരുന്നെന്ന് പറയുന്നു പ്രിയദര്‍ശന്‍.

'ഒരുപാട് പേര്‍ ചിന്തിക്കുന്നതില്‍നിന്ന് വ്യത്യസ്‍തമായി കുഞ്ഞാലിമരക്കാര്‍ നാലാമന്‍ മരിക്കുന്നത് 53-ാം വയസ്സിലാണ്. അതുകൊണ്ടുതന്നെ സ്‌ക്രീന്‍- ഏജ് പരിഗണിക്കുമ്പോള്‍ അത് മോഹന്‍ലാലിന് ഏറെ അനുയോജ്യമായ കഥാപാത്രമായി തോന്നി. കുഞ്ഞാലിമരക്കാരോ വേലുത്തമ്പി ദളവയോ പോലെയുള്ള നാടകബിംബങ്ങള്‍ക്ക് തേജോമയമായ ഒരു പരിവേഷമുണ്ട്. മോഹന്‍ലാല്‍ മരക്കാരുടെ വേഷപ്പകര്‍ച്ചയിലേക്ക് എത്തിയപ്പോള്‍ പലരും പറഞ്ഞത് അദ്ദേഹത്തെ കാണാന്‍ ജീസസിനെപ്പോലെയുണ്ടെന്നാണ്. ഇത്തരമൊരു വേഷം ചെയ്യാനുള്ള മോഹന്‍ലാലിന്റെ ആവേശത്തെക്കുറിച്ചാണ് ഞാന്‍ ഓര്‍ക്കുന്നത്. ഇത്തരമൊരു അവസരം ലഭിക്കുമ്പോള്‍ പല അഭിനേതാക്കളും ചിലപ്പോള്‍ സംശയിക്കും തനിക്ക് ഇത് സാധിക്കുമോ എന്ന്. പക്ഷേ മോഹന്‍ലാല്‍ ഒരിക്കലും സ്വയം അവിശ്വസിക്കില്ല', പ്രിയദര്‍ശന്‍ പറയുന്നു.

പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഹണം എസ് തിരുനാവുക്കരശ് ആണ്. എഡിറ്റിംഗ് എം എസ് അയ്യപ്പന്‍ നായര്‍. സംഗീതം റോണി റാഫേല്‍. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭാവര്‍മ്മ. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ചിത്രം റിലീസിനെത്തിക്കുമെന്നാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അവകാശപ്പെടുന്നത്.