ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യമത്സര വേദികളിൽ നിന്ന് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കി ബോളിവുഡിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ താരത്തിന് കഴിഞ്ഞു. പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്ക ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ ആ സുവർണ ദിനത്തിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കുകയാണ് താരം. വിജയിച്ചെത്തിയ തന്നോട് അമ്മ പറഞ്ഞ 'മണ്ടത്തരം' എന്നു പറഞ്ഞാണ് പ്രിയങ്ക ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്.

2000ത്തിലെ ലോകസുന്ദരിയായി പ്രിയങ്ക ചോപ്രയെ പ്രഖ്യാപിക്കുന്ന ചടങ്ങാണ് വീഡിയോയുടെ തുടക്കം. പിന്നാലെ അമ്മ മധു ചോപ്രയോട് താൻ ലോകസുന്ദരിപ്പട്ടം നേടിയെന്നറിഞ്ഞ നിമിഷം ഓർക്കുന്നുണ്ടോയെന്ന് ചോദിക്കുകയാണ് താരം. മകളാണ് ലോകസുന്ദരിയെന്ന്  പ്രഖ്യാപിച്ചതോടെ സദസ്സിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചുവെന്ന് മധു ചോപ്ര പറയുന്നു. 

ആ നിമിഷം കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ലെന്നും അമ്മ പറയുന്നു. സന്തോഷത്താൽ പ്രിയങ്കയെ അഭിനന്ദിക്കുന്നതിന് പകരം താൻ പറഞ്ഞ മണ്ടത്തരത്തെക്കുറിച്ചും മധു ചോപ്ര ഓർമ്മിക്കുന്നു.  എന്തായിരുന്നു അതെന്ന് പ്രിയങ്ക ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഇനി നിന്റെ പഠനം എന്തു ചെയ്യും എന്നായിരുന്നു താൻ ചോദിച്ച മണ്ടത്തരമെന്നാണ് മധു ചോപ്ര പറയുന്നത്.