ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യമത്സര വേദികളിൽ നിന്ന് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കി ബോളിവുഡിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ താരത്തിന് കഴിഞ്ഞു. ഇന്ത്യയിൽ മാത്രമല്ല ഹോളിവുഡിലും പ്രിയങ്ക ഇപ്പോൾ താരമാണ്. ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു പ്രിയങ്ക- നിക്ക് ജോനസ് ദമ്പതികളുടേത്. വിവാഹത്തിന് ശേഷം പ്രിയങ്കയ്ക്കു നേരെ സൈബറിടങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകളും നടന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമായിരുന്നു ഇതിന് പിന്നിൽ. ഈ വിവാദങ്ങളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍.

പ്രായവും സാംസ്‌കാരിക വ്യത്യാസങ്ങളും തങ്ങളുടെ ബന്ധത്തിന് യാതൊരു തടസ്സവും ഉണ്ടാക്കിയില്ലെന്ന് പ്രിയങ്ക പറയുന്നു. "ഒരു സാധാരണ ദമ്പതികളെപ്പോലെ നിങ്ങള്‍ പരസ്പരം ശീലങ്ങളും ഇഷ്ടപ്പെടുന്ന കാര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ വലിയ സാഹസികതയല്ല ഇതൊന്നും. അതുകൊണ്ട് തന്നെ ഈ വിവാദങ്ങളൊന്നും വലിയ തടസ്സമായി തോന്നിയിരുന്നില്ല", പ്രിയങ്ക പറഞ്ഞു. വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. 

2017 നവംബര്‍ 30 മുതല്‍ ഡിസബര്‍ 1 വരെ ജോധ്പുരില്‍ വച്ചായിരുന്നു പ്രിയങ്കയും നിക് ജോനസുമായുള്ള വിവാഹം.ജോധ്പുരിലെ ഉമൈദ് ഭവനില്‍ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന 200 പേര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. അമേരിക്കന്‍ ഗായകനും നടനുമാണ് നിക് ജോനാസ്.