Asianet News MalayalamAsianet News Malayalam

സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍

മലയാള സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്‍ക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് നിര്‍മ്മാതാക്കള്‍.

Procucers demands actors pay cut
Author
Kochi, First Published Jun 2, 2020, 6:25 PM IST

മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മ്മാതാക്കളുടെ സംഘടന. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും കോടികള്‍ ചിലവഴിച്ച് മുന്നോട്ടുപോകാനാവില്ലെന്നുമാണ് നിര്‍മ്മാതാക്കളുടെ നിലപാട്. ഇനി ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ പറയുന്നത്. ഇതെക്കുറിച്ച് തല്‍ക്കാലം പ്രതികരിക്കാനില്ലെന്നായിരുന്നു താരസംഘടന അമ്മയുടെ മറുപടി.  അതേസമയം മലയാള സിനിമകളുടെ ചിത്രീകരണം ഉടൻ തുടങ്ങില്ലെന്നാണ് തീരുമാനം.

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒരു സിനിമയ്ക്ക് കോടികളാണ് പ്രതിഫലം. സാറ്റലൈറ്റ് വിലയുള്ള മറ്റ് നടൻമാര്‍ക്ക് 75 ലക്ഷത്തിന് മുകളിലും. ഇനി ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്. കൊവിഡ് 19 ഏല്‍പ്പിച്ച ആഘാതം അത്ര വലുതാണെന്നും നിര്‍മ്മാതാക്കള്‍. താരങ്ങള്‍ക്ക് പുറമെ പ്രധാന സാങ്കേതിക വിദഗ്ദ്ധരും പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണം. വെള്ളിയാഴ്‍ച കൊച്ചിയില്‍ ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിര്‍വ്വാഹക സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തും. പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ ഔദ്യോഗികമായി പറയാതെ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നാണ് താര സംഘടന അമ്മയുടെ പ്രതികരണം. അതേസമയം ഇൻഡോര്‍ ഷൂട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും മലയാള സിനിമകളുടെ ചിത്രീകരണം ഉടൻ തുടങ്ങില്ല. ഇൻഡോര്‍, ഔട്ട്ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ സാമ്പത്തിക നഷ്‍ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios