കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്കെതിരെ നിർമ്മാതാവും സ്വകാര്യ ബസ് ഉടമയുമായ ജോബി ജോർജ്ജ്. ഈ പദ്ധതി കെഎസ്ആർടിസിയെയും സ്വകാര്യ ബസ് വ്യവസായത്തെയും ഒരുപോലെ തകർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ നടപ്പിലാക്കിയ പദ്ധതിയാണ് പ്രയദർശിനി. കെഎസ്ആർടിസിയിലെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നതയാണ് പദ്ധതി. ഏറെ നാളത്തെ കാത്തിരിപ്പിനെല്ലാം ഒടുവിൽ ജൂൺ 15ന് ഇത് യാഥാർത്ഥ്യമാകുകയും ചെയ്തു. ഇതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോഴിതാ നിർമാതാവ് ജോബി ജോർജ് പദ്ധതിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളം ആകും. എന്നാൽ ഇവിടെ ചിലർക്ക് വളം ആയപ്പോൾ, പലരും ചീഞ്ഞു തുടങ്ങി. വൻകിട രാജ്യങ്ങളിൽ പോലും പബ്ലിക് ട്രാൻസ്‌പോർട് സർവീസ് ഫ്രീ അല്ല. അപ്പോൾ എങ്ങനെ നമുക്കാവും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ പോക്കാണേൽ കെഎസ്‍ആർടിസിയും നശിക്കും പ്രൈവറ്റ് ബസ് സർവീസും നശിക്കും", എന്നായിരുന്നു ജോബി ജോർജിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ഇതിന് ജോബി മറുപടിയും നൽകുന്നുണ്ട്.
"ഡൽഹി, തമിഴ് നാട്, കർണാടക, തെലുങ്കാന, പശ്ചിമബംഗാൾ,പഞ്ചാബ്, ജമ്മു കശ്മീർ,ആന്ധ്രാപ്രദേശ്. ഇവിടെ ഒക്കെ സ്ത്രീകൾക്ക് സൗജന്യ യാത്ര ആണെന്ന് ആണ് എന്റെ അറിവ്", എന്ന കമന്റിന്, "പെങ്ങളെ ഞാൻ പറഞ്ഞത് എന്റെ അറിവിൽ നിന്ന് ആണ്. എനിക്ക് 25 ബസ് ഉണ്ട്. അതിൽ 75 തൊഴിലാളികളും. ഇപ്പോൾ എന്താണ് നടക്കുന്നത് എന്ന് എനിക്കറിയാം. ഈ പോക്കാണെങ്കിൽ ഞാൻ ഈ പണി നിർത്തും. അപ്പോൾ ആ 75 കുടുംബം?", എന്നായിരുന്നു ജോബി ജോർജിന്റെ മറുപടി. "നിങ്ങളും സ്ത്രീയാത്രക്കാർക്ക് ഡിസ്‌കൗണ്ട് കൊടുക്കൂ. മാറ്റം വരും", എന്ന കമന്റിന് "എന്റെ പൊന്നു സഹോദരാ.. അറിയാത്ത പുള്ളയ്ക്കു ചൊറിയുമ്പം അറിയും എന്നൊരു ചൊല്ലുണ്ട്", എന്നായി മറുപടി. ചില കമന്റുകൾക്ക് അരി മേടിക്കണ്ടേ എന്നും ജോബി ജോർജ് മറുപടിയായി നൽകുന്നുണ്ട്.



