പ്രതിസന്ധിയിലായ നിർമ്മാതാവ് മുരളി കുന്നുംപുറത്ത്, തന്റെ വിഷമഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ചു. ഷറഫുദ്ദീൻ, വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദൻ എന്നിവരുൾപ്പെടെ നിരവധി പേർ നൽകിയ സ്നേഹമാണ് തിരിച്ചുവരവിനുള്ള ഇന്ധനമെന്ന് അദ്ദേഹം പറഞ്ഞു.
ഏതാനും നാളുകൾക്ക് മുൻപ് സിനിമ എടുത്തതിലെ നഷ്ടം പറഞ്ഞ് നിർമാതാവ് മുരളി കുന്നുംപുറത്ത് രംഗത്ത് എത്തിയിരുന്നു. തിരക്കഥാകൃത്ത് അഭിലാഷ് പിള്ള അടക്കമുള്ളവർ തന്നെ ചതിച്ചുവെന്നും മരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും പറഞ്ഞ് മുരളി പങ്കുവച്ച വീഡിയോ വൈറലാകുകയും കാര്യങ്ങൾ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തും. ഇപ്പോഴിതാ ആ വിഷമഘട്ടത്തിൽ ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് പറയുകയാണ് മുരളി കുന്നുംപുറത്ത്.
ജീവിതം പരീക്ഷിക്കുന്ന നിമിഷങ്ങളിൽ ഒരു മനുഷ്യന്റെ ചുമലിൽ കൈവെച്ച് “ഞങ്ങൾ കൂടെയുണ്ട്” എന്ന് പറയുന്നവർ വളരെ അപൂർവ്വമാണെന്നും അന്ന് ഒപ്പമുണ്ടായിരുന്നവരാണ് ഷറഫുദ്ദീനും വേണു കുന്നപ്പിള്ളിയും ഉണ്ണി മുകുന്ദനുമെന്നും മുരളി പറയുന്നു. മറ്റ് നിരവധി പേരും തനിക്കൊപ്പം നിന്നെന്നും അദ്ദേഹം പറയുന്നു. ഈ സ്നേഹവും വിശ്വാസവും തന്നെയാണ് എന്റെ തിരിച്ചുവരവിന്റെ ഏറ്റവും വലിയ ഇന്ധനമെന്നും മുരളി കൂട്ടിച്ചേർത്തു.
മുരളി കുന്നുംപുറത്തിന്റെ വാക്കുകൾ ഇങ്ങനെ
കുറച്ച് ആഴ്ചകൾക്ക് മുമ്പ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികവുമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്. ആ സമയത്ത് എന്ത് സംഭവിക്കും, എങ്ങനെ മുന്നോട്ട് പോകും എന്നൊന്നും വ്യക്തമായിരുന്നില്ല. എന്നാൽ ആ ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കിയ ഒരു വലിയ സത്യമുണ്ട് - നമ്മൾ കരുതുന്നതിലുപരി മനുഷ്യരുടെ സ്നേഹത്തിനും കരുതലിനും നമ്മെ താങ്ങിനിർത്താൻ കഴിയും എന്ന്.
സിനിമാ മേഖലയിലെ വിവിധ സംഘടനകളിൽ നിന്നുള്ളവർ, നിർമ്മാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, എന്നെ നേരിൽ പോലും പരിചയമില്ലാത്ത ഒട്ടനവധി ആളുകൾ.. എല്ലാവരും നൽകിയ പിന്തുണയും സ്നേഹവുമാണ് ഇന്ന് എന്നെ മുന്നോട്ട് നയിക്കുന്ന ശക്തി. ജീവിതം മുന്നോട്ട് പോകുമ്പോൾ ആളുകളും തങ്ങളുടെ തിരക്കുകൾക്കൊപ്പം മുന്നോട്ട് പോകുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ ചില മനുഷ്യർ അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി.
പ്രിയപ്പെട്ട വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ എന്നിവർ ഇടയ്ക്കിടെ എന്നെ വിളിച്ച് എന്റെ വിശേഷങ്ങൾ അന്വേഷിക്കുകയും, എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്യുന്നത് എനിക്ക് വാക്കുകൾക്കതീതമായ സന്തോഷവും ആത്മവിശ്വാസവും നൽകുന്നുണ്ട്. നല്ല സമയത്ത് നമുക്കൊപ്പം നിൽക്കുവാൻ ഒരുപാട് പേർ ഉണ്ടാകും. എന്നാൽ ജീവിതം പരീക്ഷിക്കുന്ന നിമിഷങ്ങളിൽ ഒരു മനുഷ്യന്റെ ചുമലിൽ കൈവെച്ച് “ഞങ്ങൾ കൂടെയുണ്ട്” എന്ന് പറയുന്നവർ വളരെ അപൂർവ്വമാണ്. അത്തരത്തിലുള്ള മനുഷ്യരാണ് ഇവർ. അവരുടെ സൗഹൃദത്തിനും കരുതലിനും ഞാൻ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി പറയുന്നു.
ഈ സ്നേഹവും വിശ്വാസവും തന്നെയാണ് എന്റെ തിരിച്ചുവരവിന്റെ ഏറ്റവും വലിയ ഇന്ധനം. നല്ല മനുഷ്യരുമൊത്ത് കൂടുതൽ നല്ല സിനിമകളും പുതിയ യാത്രകളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. എന്നെ വിശ്വസിച്ച, എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും, ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി. തിരിച്ചുവരവ് എന്നത് ഒരു വ്യക്തിയുടെ മാത്രം യാത്രയല്ല. ഒരുപാട് മനുഷ്യരുടെ സ്നേഹവും വിശ്വാസവും ചേർന്നാണ് അത് സാധ്യമാകുന്നത്.



