നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതികരിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. 

കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടന പുറത്താക്കിയതില്‍ പ്രതികരിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. തനിക്ക് നേരിട്ട ദുരനുഭവത്തിൽ പരാതി നൽകിയതാണ് തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര പറഞ്ഞു. തനിക്ക് നേരിട്ട ദുരനുഭവത്തില്‍ തന്നോട് ആരും ക്ഷമാപണം പോലും നടത്തിയില്ലെന്നും സാന്ദ്ര പറഞ്ഞു.

സിനിമയിൽ പവർ ഗ്രൂപ്പ്‌ ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് തന്നെ പുറത്താക്കിയത്. നിയമ പരമായ പോരാട്ടം തുടരും. ഫിലിം ചേംബറില്‍ ഈ വിഷയം ഉന്നയിക്കുന്നത് ആലോചിക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം ഒരേ കറക്ക് കമ്പനികളാണ്. പല സംഘടനകളിലും ഒരേ ആൾകാര്‍ തന്നെയാണ് തലപ്പത്ത്.

താൻ നേരിട്ട ലൈംഗിക അതിക്ഷേപത്തിന് തെളിവുണ്ട്. അതില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ട്. സിനിമയിലെ നിര്‍മ്മാതാക്കളുടെ സാമ്പത്തിക സ്രോതസ് സർക്കാർ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.

ആന്‍റോ ജോസഫ് ഇപ്പോഴും കോൺഗ്രസ്‌ സാംസ്‌കാരിക വേദി നേതാവാണ്. താന്‍ കൊടുത്ത പരാതി വ്യാജമെന്ന പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ വാദം തള്ളിയ സാന്ദ്ര എല്ലാത്തിനും തെളിവുണ്ടെന്നും പറഞ്ഞു. 

ചൊവ്വാഴ്ചയാണ് നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന പത്രകുറിപ്പ് ഇറക്കിയത്. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് സംഘടന പറയുന്നത്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു. 

ഇതിന് പിന്നാലെയാണ് നടപടി. സാന്ദ്രാ തോമസിന്‍റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേര്‍സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 

നേരത്തെ മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍.

'പരാതിക്ക് പിന്നില്‍ ഗൂഢാലോചന' : നിർമ്മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

'ഈ മേഖല ഇങ്ങനെയാണ് എന്നറിഞ്ഞ കടുത്ത അമർഷവും ദുഖവും': ഫിലിം സംഘടനകൾക്ക് സാന്ദ്ര തോമസിന്‍റെ കത്ത്