മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്യാനിരുന്ന ബിഗ് ബജറ്റ് ചിത്രം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല

മോഹന്‍ലാലിന്‍റെ ഏറ്റവും ശ്രദ്ധേയ സിനിമകള്‍ എടുത്താല്‍ അതില്‍ എപ്പോഴും ഇടംപിടിക്കാറുള്ള ചിത്രമാണ് സ്ഫടികം. ആടുതോമയായി മോഹന്‍ലാല്‍ കളം നിറഞ്ഞ ചിത്രം സംവിധാനം ചെയ്തത് ഭദ്രന്‍ ആയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി വേറെയും ചിത്രങ്ങള്‍ ഭദ്രന്‍ ഒരുക്കിയിട്ടുണ്ടെങ്കിലും സ്ഫടികം നേടിയ കള്‍ട്ട് സ്റ്റാറ്റസ് അവയൊന്നും നേടിയിട്ടില്ല. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തില്‍ എത്തിയ ഉടയോന്‍ (2005) ആണ് ഭദ്രന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. എന്നാല്‍ വലിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ശ്രമിച്ചിരുന്നു. 2018 ല്‍ ഈ ചിത്രം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒരു നിര്‍മ്മാതാവ് എന്ന നിലയ്ക്ക് ഈ ചിത്രം തന്‍റെ മുന്നില്‍ എത്തിയിരുന്നുവെന്ന് പറയുകയാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി.

ആ ചിത്രത്തെക്കുറിച്ച് വേണു കുന്നപ്പിള്ളി

മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വേണു കുന്നപ്പിള്ളി ഇക്കാര്യം പറയുന്നത്. “ആ കഥ ഞാന്‍ കേട്ടതാണ്. ഭദ്രന്‍ സാറും അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റും ലാലേട്ടനും ആന്‍റണിയും ആന്‍റോയും (ആന്‍റോ ജോസഫ്) ഉണ്ടായിരുന്നു. ആന്‍റോ ആണ് ആ പ്രോജക്റ്റ് കൊണ്ടുവന്നത്. ഭദ്രന്‍ സാറിന്‍റെ ഒരു കഥയുണ്ട്. ഒന്ന് കേള്‍ക്കണം എന്ന് പറഞ്ഞത്. ലാലേട്ടന്‍റെ എന്‍റെ ഫ്ലാറ്റിലേക്ക് വന്ന് ഞങ്ങള്‍ എല്ലാവരും കൂടി ഇരുന്നാണ് കേട്ടത്. 2024 ല്‍ ആയിരിക്കും അത്. അതൊരു സൂപ്പര്‍ സബ്ജക്റ്റ് ആയിരുന്നു. ഭയങ്കര ആക്ഷനൊക്കെയുള്ള... അറിയാമല്ലോ ഭദ്രന്‍ സാര്‍ എങ്ങനെയാണ് സിനിമ ചെയ്യുന്നതെന്ന്. പക്ഷേ ഒരു വലിയ ബജറ്റ് വേണമായിരുന്നു ആ സിനിമ ചെയ്യാന്‍. ബജറ്റ് എന്ന ഒറ്റ കാരണത്താലാണ് ആ സിനിമ എനിക്ക് ചെയ്യാന്‍ പറ്റാതിരുന്നത്. കഥ സൂപ്പര്‍ ആണെന്ന് ഭദ്രന്‍ സാറിനോടും ആന്‍റോയോടും ഞാന്‍ പറഞ്ഞിരുന്നു. ഭയങ്കര റിസ്ക് എടുക്കാനായിട്ട് എനിക്ക് എപ്പോഴും ഒരു മടിയുണ്ട്. അതുകൊണ്ട് മാത്രം ഞാന്‍ അത് പറഞ്ഞു. അത് കോ പ്രൊഡ്യൂസ് ചെയ്യാമെന്നൊക്കെ എന്നോട് പലരും പറഞ്ഞിരുന്നു. പക്ഷേ നമ്മുടെ അതേ വേവ് ലെങ്ത് ഉള്ള ആളുകള്‍ക്കൊപ്പം മാത്രമല്ലേ നമുക്ക് ചെയ്യാന്‍ കഴിയൂ. അങ്ങനെ വേണ്ടെന്നുവെച്ച സിനിമയാണ് അത്. ലാലേട്ടനുവേണ്ടി എഴുതിയിരിക്കുന്ന ഒരു കഥയെന്ന് പറയാം”, വേണു കുന്നപ്പിള്ളി പറയുന്നു. സബ്‍മറൈന്‍ ഒക്കെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ കഥ ഇതാണോ എന്ന ചോദ്യത്തിന് അതെയെന്നും അത്തരം കുറേയധികം കാര്യങ്ങള്‍ തിരക്കഥയില്‍ ഉണ്ടെന്നുമായിരുന്നു വേണു കുന്നപ്പിള്ളിയുടെ മറുപടി.

ഒരു ലോറി ഡ്രൈവര്‍ ആണ് ഈ തിരക്കഥയിലെ മോഹന്‍ലാലിന്‍റെ കഥാപാത്രം. “പരുക്കനായ, ഒരുപാട് ഭാഷകള്‍ സംസാരിക്കുന്ന കഥാപാത്രം. ഒരു മാതൃഭാഷ ഇല്ലാത്തയാള്‍. നാടോടിയെന്ന് വിളിക്കാവുന്ന ഒരാള്‍”, ഭദ്രന്‍ 2018 ല്‍ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Khamenei Death | Iran-Israel conflict | Breaking News